കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്
ഗാസ മുനമ്പിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ വ്യാഴാഴ്ച മാത്രം 28 പേർ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്.
ഹമാസുമായുള്ള വെടിനിർത്തൽ ഇസ്രയേൽ അവസാനിപ്പിക്കുകയും ഒരു മാസം മുൻപ് വ്യോമ, കരയുദ്ധം പുനരാരംഭിക്കുകയും ചെയ്തിരുന്നു. ബന്ദികളെ മോചിപ്പിക്കാൻ ഹമാസിനെ സമ്മർദ്ദത്തിലാക്കാൻ ലക്ഷ്യമിട്ട്, മാർച്ച് ആദ്യം മുതൽ ഗാസയിലെ 2 ദശലക്ഷത്തിലധികം വരുന്ന പലസ്തീനികളുടെ ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും ഇസ്രയേൽ തടഞ്ഞിരിക്കുകയാണ്.അതേസമയം, പലസ്തീൻ തടവുകാരെ മോചിപ്പിക്കുകയും, സ്ഥിരമായ വെടിനിർത്തൽ പ്രഖ്യാപിക്കുകയും, ഗാസയിൽ നിന്ന് പൂർണ്ണമായി പിൻവാങ്ങുകയും ചെയ്താൽ മാത്രമേ തങ്ങളുടെ കൈയ്യിലുള്ള 59 ബന്ദികളെ വിട്ടയക്കൂ എന്ന് ഹമാസ് അറിയിച്ചു. ഈ ബന്ദികളിൽ 24 പേർ ജീവിച്ചിരിപ്പുണ്ടെന്നാണ് കരുതപ്പെടുന്നത്. എന്നാൽ ഹമാസിനെ പൂർണ്ണമായി നശിപ്പിക്കുമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഇസ്രയേൽ.
