ജോളി മധുവിന്റെ അന്വേഷണത്തിന്റെ പേരില്‍ മറ്റൊരു ധൂര്‍ത്തും
കൊച്ചി: കയര്‍ ബോര്‍ഡ് ഉദ്യോഗസ്ഥ ജോളി മധുവിന്റെ മരണത്തിന് ഒരു മാസമാകുമ്പോഴും വകുപ്പ് തല അന്വേഷണവും പോലീസില്‍ നല്കിയ പരാതിയിന്‍ മേലും ഒരു പുരോഗതിയുമില്ല. ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ വകുപ്പ്തല അന്വേഷണം പ്രഖ്യാപിക്കുകയും 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്നാണ് പറഞ്ഞിരുന്നത്. വകുപ്പുതല അന്വേഷണ കമ്മീഷന് ഫെബ്രുവരി 25-നാണ് റിപ്പോര്‍ട്ട് നല്‍കേണ്ടിയിരുന്നത്. റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെന്ന് മാത്രമല്ല, വീണ്ടും തെളിവെടുപ്പിനായി ഡല്‍ഹിയില്‍ നിന്നും ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസങ്ങളില്‍ വന്നിരുന്നു. ഇനി ഇതിന്റെ ചുവടുപിടിച്ച് ഖജനാവില്‍ നിന്നും യാത്ര ബത്തയിനത്തില്‍ എത്ര ചിലവ് എഴുതീയെടുക്കുമെന്നെ അറിയാനുള്ളു.
കുറ്റാരോപിതരായവര്‍ ഇപ്പോഴും തല്‍സ്ഥാനങ്ങളില്‍ തന്നെ തുടരുകയാണ്. ജോളി മധുവിന്റെ കുടുംബം കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിച്ചിട്ടുണ്ട്. എറണാകുളം എംപി ഹൈബി ഈഡന് വകുപ്പ് തല സെക്രട്ടറിക്ക് നല്കിയ കത്തില്‍ ഇക്കാര്യത്തില്‍ കൈക്കൊള്ളേണ്ട നിയമങ്ങളും വകുപ്പുകളും അക്കമിട്ട് നിരത്തിയിരുന്നു.ഇതിന്മേല്സ്വീകരിച്ച നടപടികളെക്കുറിച്ച് വ്യക്തത ഇതുവരെ വന്നിട്ടില്ല. വ്യക്തമായ തെളിവുകള്‍ ഉണ്ടായിട്ടും ജോളിമധുവിന്റെ കുടുംബത്തിന് നീതി നിഷേധിക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ അത്ര നിസാരക്കാര്‍ അല്ലായെന്നതിന് തെളിവാണ്.
കുറ്റാരോപിതരെ മാറ്റി നിര്‍ത്തിയുള്ള സമഗ്രമായ അന്വേഷണമെന്ന ആവശ്യമാണ് ജോളി മധുവിന്റെ കുടുംബം നേരത്തെ മുതല്‍ പറഞ്ഞു വരുന്നത്. കുറ്റാരോപിതരായ കയര്‍ ബോര്‍ഡിന്റെ ചെയര്‍മാന്റെ സ്ഥാനം വഹിക്കുന്ന എംഎസ്എംഇ വകുപ്പ് ജോയിന്റ് സെക്രട്ടറി വിപുല്‍ ഗോയല്‍, കയര്‍ ബോര്‍ഡ് സെക്രട്ടറിയുടെ ചുമതലയില്‍ ഉണ്ടായിരുന്ന ജിതേന്ദ്ര കുമാര്‍ ശുക്ല, അഡ്മിനിസ്ട്രേഷന്റെ ചുമതലയുണ്ടായിരുന്ന അക്കൗണ്ട്സ് ഓഫീസര്‍ സി യു എബ്രഹാം, അക്കൗണ്ട്സ് മാനേജര്‍ പ്രസാദ്കുമാര്‍ എന്നിവര്‍ക്കെതിരെ ഒരു നടപടിയും കൈ കൊണ്ടിട്ടില്ലെന്ന് മാത്രമല്ല ശുക്ലയെ അഡൈ്വസര്‍ തസ്തികയില്‍ പരിഗണിക്കുവാനുള്ള ശുപാര്‍ശയാണ് മന്ത്രാലയത്തില്‍ നിന്നും വന്നത്. ജോളിമധു അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലിരിക്കെ ഫെബ്രൂവരി 6-ആം തീയതിയാണ് കേന്ദ്രമന്ത്രിയുടെ ശുപാര്ശയിന് മേല്‍ എംഎസ്എംഇ മന്ത്രാലയത്തില്‍ നിന്നും അണ്ടര്‍സെക്രട്ടറിയുടെ നിര്‍ദ്ദേശം ഇക്കാര്യത്തില്‍ വരുന്നത്. തികച്ചും ജൂനിയര്‍മാരായ ഉദ്യോഗസ്ഥരാണ് ഈ കമ്മിഷനിലുള്ളതെന്ന് മുന്‍പ് തന്നെ ആരോപണമുയര്‍ന്നിരുന്നു.
