കൊച്ചി: തൊഴിൽ പീഡനത്തെത്തുടർന്ന് മരിച്ചതായി പരാതിയുയർന്ന കയർ ബോർഡ് ഓഫീസിലെ ജീവനക്കാരി ജോളി മധുവിന്റെ എഴുതി പൂർത്തിയാക്കാത്ത കത്ത് പുറത്ത്. ഗുരുതരമായ ആരോപണങ്ങളാണ് കത്തിലുള്ളത്. ‘എനിക്ക് പേടിയാണ്. ചെയർമാനോട് സംസാരിക്കാൻ എനിക്കു ധൈര്യമില്ല. പരസ്യമായി മാപ്പു പറയണമെന്ന നിർദേശത്തെ തുടർന്ന് തൊഴിൽ സ്ഥലത്ത് പീഡനം നേരിടേണ്ടി വന്നയാളാണു ഞാൻ. എന്റെ ജീവിതത്തിനും ആരോഗ്യത്തിനും അത് ഭീഷണിയായി. അതു കൊണ്ടു ഞാൻ നിങ്ങളോട് കരുണയ്ക്കായി യാചിക്കുകയാണ്. എന്റെ വിഷമം മനസ്സിലാക്കി, ഇതിൽ നിന്നു കരകയറാൻ എനിക്കു കുറച്ചു സമയം തരൂ’ എന്നാണ് ജോളി കത്തിൽ പറയുന്നത്.
ഇംഗ്ലീഷിലാണ് കത്ത് എഴുതിയിരിക്കുന്നത്. ‘എന്റെ ആരോഗ്യത്തിനും ജീവനും ഭീഷണിയാകുന്നു. അതിനാൽ ഞാൻ നിങ്ങളുടെ കരുണയ്ക്ക് അപേക്ഷിക്കുകയാണ്. കുറച്ചുകാലം കൂടി അതിജീവിക്കാൻ സഹായിക്കൂ എന്നും പൂർത്തിയാക്കാത്ത കുറിപ്പിൽ ജോളി കുറിച്ചിട്ടുണ്ട്. കുറിപ്പ് പൂർത്തിയാക്കും മുമ്പ് ജോളി കുഴഞ്ഞു വീണു എന്നാണ് മക്കൾ പറയുന്നത്. ജോളി എഴുതിയ ഡയറിയും പേനയും താഴെ വീണ് കിടന്നിരുന്നു.ഈ കത്ത് എഴുതിക്കൊണ്ടിരിക്കുമ്പോഴാണ് തലച്ചോറിലെ രക്തസ്രാവത്തെ തുടർന്നു ജോളി ബോധരഹിതയാകുന്നത്. അത്രക്കും മാനസിക സമ്മർദ്ദം അവർ നേരിട്ടിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. തെറ്റ് ചെയ്തതിന്റെ പേരിലല്ല ജോളി മധു ജോലി സ്ഥലത്ത് തൊഴിൽ പീഡനം നേരിടേണ്ടി വന്നത്. കയർബോർഡ് ചെയർമാനും അവർക്ക് കൂട്ടുനിൽക്കുന്ന ഏതാനും തൽപര കക്ഷികൾക്കും എതിരെ നിലപാട് എടുത്തതിന്റെ പേരിലാണ് ഉദ്യോഗസ്ഥപീഡനം ഉണ്ടായത്.
കേന്ദ്രസർക്കാർ സ്ഥാപനമായ കയർ ബോർഡിലെ ജീവനക്കാരിയാണ് ജോളി മധു. ജോലിസ്ഥലത്തെ മാനസിക പീഡനം സംബന്ധിച്ച് ഇവർ പരാതി നൽകിയിരുന്നു. കാൻസർ അതിജീവിതയും വിധവയുമായ ജോളി സ്ഥാപനത്തിൽ നിരന്തരം മാനസിക പീഡനത്തിന് ഇരയായെന്ന് കുടുംബം ആരോപിച്ചിരുന്നു. കയർ ബോർഡ് ചെയർമാൻ, സെക്രട്ടറി, അഡ്മിനിസ്ട്രേറ്റീവ് ഹെഡ് എന്നിവർക്കെതിരെയായിരുന്നു ആരോപണം.
തൊഴിൽ പീഡനത്തിനെതിരെ ജോളി നിരവധി പരാതി നൽകിയെങ്കിലും അവയെല്ലാം അവഗണിക്കപ്പെടുകയായിരുന്നു. അഴിമതിക്കും സ്വജനപക്ഷപാതത്തിനും കൂട്ടുനിന്നില്ല എന്നതായിരുന്നു ജോളി മധു ചെയ്ത തെറ്റ്. ദീർഘകാലം സർവ്വീസിലുണ്ടായിരുന്ന ജോളി മധുവിന് അതിനുള്ള പരിഗണന പോലും നൽകിയിരുന്നില്ല. വിധവയായ ജോളി ക്യാൻസർ രോഗബാധിത കൂടിയായിരുന്നു. എന്നിട്ടും മാനസികമായി പീഡിപ്പിക്കുന്ന ചിന്താഗതിയാണ് കയർബോർഡ് ആസ്ഥാനത്ത് ഇരിക്കുന്നവർക്ക് ഉണ്ടായിരുന്നത്.
മാനസിക സമ്മർദ്ദത്തിൽ കുഴഞ്ഞ് വീണ ജോലി മധു ആശുപത്രിയിൽ ഐസിയുവിലും പിന്നീട് വെന്റിലേറ്ററിലും ആയശേഷമാണ് കയർബോർഡ് ചെയർമാൻ ഇവരുടെ സ്ഥലം മാറ്റം മരവിപ്പിക്കുന്നതും തടഞ്ഞുവെച്ച ശമ്പളം നൽകുന്നതും. കയർബോർഡിൽ കാലങ്ങളായി നടക്കുന്ന അഴിമതിയിലും കെടുകാര്യസ്ഥതയിലും അസ്വസ്ഥരാണ് ഒട്ടുമിക്ക ജീവനക്കാരും. ജോളി മധുവിനെ കൂടാതെ മറ്റനേകം ജീവനക്കാരെ ഇത്തരത്തിൽ മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്നാണ് വിവരം. ഇത്തരത്തിൽ കയർബോർഡിൽ വേദനയനുഭവിക്കുന്നവരുടെ ദുരിതകഥകൾ അടുത്ത ദിവസങ്ങളിൽ കേരളനാദം പുറത്തുവിടും.
