കോഴിക്കോട്: ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയ്ക്ക് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ, നിയമ നടപടിയിലേക്ക് കുടുംബം. വീഡിയോ അപ്ലോഡ് ചെയ്ത യുവതിക്കെതിരെ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് കുടുംബം പരാതി നൽകി. ദീപക്കിന്റെ മരണത്തിന് കാരണമായത് യുവതിയുടെ ക്രൂരമായ പ്രവർത്തിയാണെന്നും പരാതിയിൽ പറയുന്നു.Deepak’s death: Family files complaint against woman who shared video
സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച ദൃശ്യങ്ങൾ ദീപക്കിനെ കടുത്ത മാനസിക സമ്മർദത്തിലാക്കിയെന്നാണ് കുടുംബത്തിന്റെ ആരോപണം. യുവതിക്കെതിരെ കൊലക്കുറ്റം ഉൾപ്പെടെ ചുമത്തണമെന്ന് കുടുംബം ആവശ്യപ്പെടുന്നു. ദീപക്കിന് മറ്റേതെങ്കിലും പ്രശ്നങ്ങളുണ്ടായിരുന്നുവെന്നത് കുടുംബം നിഷേധിക്കുന്നു. യുവതിക്കെതിരെ വേണ്ട നടപടികൾ സ്വീകരിക്കണമെന്നുമാണ് പരാതിയിലെ ആവശ്യം. പരാതി പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് കമ്മീഷണർ ഉറപ്പ് നൽകിയതായി ദീപക്കിന്റെ ബന്ധു സനീഷ് പറഞ്ഞു. കൂടാതെ മനുഷ്യാവകാശ കമ്മീഷന്റെയും കലക്ടറുടെയും ശ്രദ്ധയിൽ കൊണ്ടുവരാനാണ് കുടുംബത്തിന്റെ തീരുമാനം. വ്യക്തിഹത്യ മൂലമുള്ള മാനസിക പീഡനമാണ് ദീപക് ജീവനൊടുക്കാൻ കാരണമെന്ന് കുടുംബം നേരത്തെ പറഞ്ഞിരുന്നു.
ഈ കേസിൽ അസ്വാഭാവിക മരണമായി മെഡിക്കൽ കോളജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നീതി ലഭിക്കുവോളം പോരാട്ടം തുടരുമെന്നാണ് കുടുംബത്തിന്റെ നിലപാട്.
സമൂഹമാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയത്. കഴിഞ്ഞ വെള്ളിയാഴ്ച കണ്ണൂരിലേക്കുള്ള യാത്രയ്ക്കിടെ ബസിൽ ദീപക് അപമര്യാദയായി പെരുമാറിയെന്നായിരുന്നു യുവതിയുടെ ആരോപണം. ദുരുദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചുവെന്നു പറഞ്ഞ് യുവതി വടകര പൊലീസിൽ പരാതിയും നൽകിയിരുന്നു. തുടർന്ന് ലൈംഗികാതിക്രമം ആരോപിച്ച് യുവതി ദീപകിനെതിരെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. 20 ലക്ഷത്തിലധികം പേർ വീഡിയോ കണ്ടതായും നിരവധി പേർ അത് പങ്കുവച്ചതായും പറയുന്നു. വീഡിയോ വൈറലായതിനെ തുടർന്ന് ദീപക് ശക്തമായ മാനസിക സമ്മർദത്തിലായിരുന്നുവെന്ന് കുടുംബം വ്യക്തമാക്കുന്നു. സമൂഹമാധ്യമ ‘റീച്ച്’ നേടുക എന്ന ലക്ഷ്യത്തോടെയാണ് വീഡിയോ ചിത്രീകരിച്ചതെന്നുമാണ് കുടുംബത്തിന്റെ ആരോപണം.
