പത്തനംതിട്ട: പുതുവത്സരാഘോഷത്തിനിടെ ഡിജെ പാർട്ടിക്കിടെ നടന്ന പൊലീസ് ഇടപെടലുമായി ബന്ധപ്പെട്ട സംഭവത്തിൽ അന്വേഷണം നടത്താൻ മുഖ്യമന്ത്രി ഉത്തരവിട്ടു. പൊലീസ് അതിക്രമം ആരോപിച്ച് പുറത്തുവന്ന വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കണമെന്ന് എഡിജിപിക്ക് നിർദേശം നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു.Police brutality during DJ party; CM orders investigation
അതേസമയം, ഡിജെ പാർട്ടിക്കിടെ നടന്ന പൊലീസ് നടപടികൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ പ്രതികരിച്ചു. പ്രാഥമിക അന്വേഷണത്തിന് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് ആയിരത്തിലധികം പുതുവത്സരാഘോഷ പരിപാടികൾ നടന്നുവെന്നും, ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയാണ് പൊലീസിന്റെ പ്രധാന ലക്ഷ്യമെന്നും ഡിജിപി പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ, ന്യൂ ഇയർ ആഘോഷത്തിനിടെ പൊലീസ് ഉദ്യോഗസ്ഥൻ ലാപ്ടോപ്പ് ചവിട്ടി തകർത്തുവെന്ന് ആരോപിച്ച് ഡിജെ കലാകാരൻ അഭിരാം സുന്ദർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവച്ചു. ഏകദേശം ഒരു ലക്ഷം രൂപ വിലമതിക്കുന്ന ലാപ്ടോപ്പ് പൊലീസ് അതിക്രമത്തിൽ നശിച്ചതായാണ് അദ്ദേഹത്തിന്റെ ആരോപണം. പത്തനംതിട്ട ജിയോ ഗ്രൗണ്ടിൽ നടന്ന പരിപാടിക്കിടെയാണ് സംഭവം നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ, സ്ഥലത്ത് സംഘർഷാവസ്ഥ ഉണ്ടായതിനെ തുടർന്നാണ് പൊലീസ് ഇടപെട്ടതെന്നാണ് പത്തനംതിട്ട പൊലീസിന്റെ വിശദീകരണം. കത്തിക്കുത്തിൽ ഒരാൾക്ക് പരിക്കേറ്റതായും, പരിപാടി നിർത്താൻ ആവശ്യപ്പെട്ടിട്ടും സംഘാടകർ അവഗണിച്ചതായും പൊലീസ് അറിയിച്ചു. ലാപ്ടോപ്പ് തകർത്തുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും പൊലീസ് വ്യക്തമാക്കി.
