തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ച കേസുമായി ബന്ധപ്പെട്ട് ‘ഡി മണി’ എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ചോദ്യം ചെയ്തു. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഒരു വിദേശ വ്യവസായിയും അന്വേഷണ സംഘത്തിന് നൽകിയ മൊഴികളിലൂടെയാണ് ഇയാളുടെ പേര് കേസിൽ ഉയർന്നുവന്നത്. തുടർന്ന് തമിഴ്നാട് ഡിണ്ടിഗൽ സ്വദേശിയായ ഇയാളുടെ വീട്ടിലും സ്ഥാപനങ്ങളിലും ഇന്ന് രാവിലെ 10.30ഓടെ എസ്ഐടി പരിശോധന ആരംഭിച്ചു.Sabarimala gold theft case: ‘D Money’ questioned
ഡി മണിയുടെ യഥാർത്ഥ പേര് ബാലമുരുകൻ എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ‘ഡയമണ്ട് മണി’ എന്ന പേരിലും ഇയാൾ അറിയപ്പെടുന്നു. പഞ്ചലോഹ വിഗ്രഹങ്ങളുടെ വ്യാപാരിയാണ് ബാലമുരുകനെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. വിദേശ വ്യവസായിയുടെ മൊഴിപ്രകാരം, പഞ്ചലോഹ വിഗ്രഹങ്ങൾ വാങ്ങിയത് ഡി മണിയായിരുന്നു. ഇയാളെ കഴിഞ്ഞ ദിവസവും എസ്ഐടി ചോദ്യം ചെയ്തിരുന്നു. ഇത് രണ്ടാം തവണയാണ് ചോദ്യം ചെയ്യൽ.
എസ്ഐടിയുടെ ചെന്നൈ സ്ക്വാഡ് ദിവസങ്ങളായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ബാലമുരുകനെ കണ്ടെത്തിയത്. രമേശ് ചെന്നിത്തലയും വിദേശ വ്യവസായിയും നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ശബരിമല സ്വർണക്കൊള്ളക്കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബാലമുരുകന് അടുത്ത ബന്ധമുണ്ടെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
എസ്ഐടിക്ക് ലഭിച്ച പ്രാഥമിക മൊഴികളിൽ, ഡി മണി വിഗ്രഹ വ്യാപാരിയാണെന്നും ചില ഇടപാടുകളിൽ ഇടനിലക്കാരനായി പ്രവർത്തിച്ചിട്ടുണ്ടെന്നും വ്യക്തമായിട്ടുണ്ട്. എന്നാൽ ഈ ഇടപാടുകൾ ശബരിമല സ്വർണക്കൊള്ളക്കേസുമായി നേരിട്ട് ബന്ധപ്പെട്ടതാണോയെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
സ്വർണം ഉരുക്കിയെടുക്കുന്നതിനേക്കാൾ വലിയ വിഗ്രഹക്കടത്ത് ശബരിമലയിൽ നടന്നുവെന്നാണ് മലയാളിയായ വിദേശ വ്യവസായി അന്വേഷണ സംഘത്തിന് നൽകിയ മൊഴി. 2019–20 കാലയളവിൽ നാല് പഞ്ചലോഹ വിഗ്രഹങ്ങൾ രാജ്യാന്തര പുരാവസ്തു കടത്ത് സംഘത്തിന് വിറ്റുവെന്നാണ് ആരോപണം. ചെന്നൈ സ്വദേശിയായ ഡി മണിയായിരുന്നു വിഗ്രഹങ്ങൾ വാങ്ങിയതെന്നും, ഉണ്ണികൃഷ്ണൻ പോറ്റി ഇടനിലക്കാരനായിരുന്നുവെന്നും മൊഴിയിലുണ്ട്. ശബരിമലയുടെ ഭരണചുമതലയുള്ള ഒരു ഉന്നതന്റെ നേതൃത്വത്തിലാണ് വിഗ്രഹങ്ങൾ കൈമാറിയതെന്നും വ്യവസായി ആരോപിച്ചു.
2020 ഒക്ടോബർ 26ന് തിരുവനന്തപുരത്ത് വെച്ചാണ് വിഗ്രഹക്കടത്തിനുള്ള പണം കൈമാറ്റം നടന്നതെന്ന് മൊഴിയിൽ പറയുന്നു. ഡി മണിയും ഉണ്ണികൃഷ്ണൻ പോറ്റിയും ആ ഉന്നതനും മാത്രമാണ് പണംകൈമാറ്റത്തിൽ പങ്കെടുത്തതെന്നും, സംഭവങ്ങൾ നേരിട്ട് അറിഞ്ഞിട്ടുണ്ടെന്നുമാണ് വ്യവസായിയുടെ വിശദീകരണം. എന്നാൽ ഈ മൊഴികളുടെ വിശ്വാസ്യത പരിശോധിച്ചുവരികയാണ് എസ്ഐടി. ഇതുവരെ നടത്തിയ അന്വേഷണത്തിൽ പഞ്ചലോഹ വിഗ്രഹങ്ങൾ നഷ്ടമായതായി ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
ഇതിനിടെ, ഡി മണിയുടെ സുഹൃത്തായ ശ്രീകൃഷ്ണൻ എന്നയാളുടെ വീട്ടിലും പോലീസ് പരിശോധന നടത്തി. വിരുദനഗർ സ്വദേശിയായ ഇയാളെയും ചോദ്യം ചെയ്തു. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള കേരളത്തിൽ നിന്നുള്ള പോലീസ് സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.
