പാലക്കാട് വാളയാറിൽ ആൾക്കൂട്ട മർദ്ദനത്തിനിരയായി കൊല്ലപ്പെട്ട രാം നാരായണിന്റെ കുടുംബത്തിന് ഛത്തീസ്ഗഡ് സർക്കാർ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. അതിക്രൂരവും മനുഷ്യത്വരഹിതവുമായ ഈ കൊലപാതകത്തിൽ ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായ് ആഴത്തിലുള്ള ദുഃഖം രേഖപ്പെടുത്തി. സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ പ്രതികൾക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം കേരള സർക്കാരിനോട് ആവശ്യപ്പെട്ടു. ഇത്തരത്തിലുള്ള ക്രൂരതകൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ കർശന നടപടികൾ വേണമെന്നും, മനുഷ്യജീവന് വില കൽപ്പിക്കാത്ത ഇത്തരം സംഭവങ്ങൾ ആധുനിക സമൂഹത്തിന് നാണക്കേടാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.Walayar mob lynching: Rs 5 lakh assistance to Ram Narayan’s family
അതേസമയം, വാളയാർ ആൾക്കൂട്ട മർദ്ദനത്തിൽ കൊല്ലപ്പെട്ട രാം നാരായണിന്റെ മൃതദേഹം ഇന്ന് പുലർച്ചെ ബന്ധുക്കൾ ഏറ്റുവാങ്ങി. സർക്കാർ ചെലവിൽ മൃതദേഹം ഇന്ന് തന്നെ വിമാനമാർഗം ഛത്തീസ്ഗഡിലെ ജന്മനാട്ടിലെത്തിക്കും. കുടുംബത്തിന് നൽകേണ്ട നഷ്ടപരിഹാരത്തിന്റെ കാര്യത്തിൽ മന്ത്രിസഭായോഗം ചർച്ച ചെയ്തതിന് ശേഷം അന്തിമ തീരുമാനം കൈക്കൊള്ളും.
കേസുമായി ബന്ധപ്പെട്ട് പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിനായി പ്രത്യേക അന്വേഷണ സംഘം (SIT) നാളെ കോടതിയിൽ അപേക്ഷ സമർപ്പിക്കും. നിലവിൽ കസ്റ്റഡിയിലുള്ള പ്രദേശവാസികൾക്ക് അക്രമത്തിൽ നേരിട്ട് പങ്കുണ്ടെന്ന് തെളിഞ്ഞാൽ ഉടൻ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് അന്വേഷണസംഘം അറിയിച്ചു. ഇതിനിടെ, അട്ടപ്പള്ളത്തെത്തി വീണ്ടും മൊഴിയെടുത്ത അന്വേഷണസംഘം, പ്രതികളെ കണ്ടെത്തുന്നതിനായി തമിഴ്നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
