തമിഴ്നാട്ടിന് പിന്നാലെ കേരളത്തിലും രാഷ്ട്രീയ സാന്നിധ്യം ഉറപ്പിക്കാനുള്ള നീക്കവുമായി നടൻ വിജയ്യുടെ പാർട്ടിയായ തമിഴക വെട്രി കഴകം (ടിവികെ) രംഗത്തെത്തുന്നു. അടുത്ത മാസം തന്നെ കേരളത്തിലെ പാർട്ടി ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായാണ് വിജയ് ആരാധക കൂട്ടായ്മയുടെ 14 ജില്ലകളിലെയും പ്രതിനിധികൾ കൊച്ചിയിൽ യോഗം ചേർന്ന് സംഘടനാ പ്രവർത്തനങ്ങൾ വിലയിരുത്തിയത്. ടിവികെയുടെ നേതൃത്വത്തിലുള്ള സമത്വ ക്രിസ്മസ് ആഘോഷം ഇന്ന് മഹാബലിപുരത്ത് നടക്കും. ബിഹാറിലെ ഹം (HAM)പാർട്ടി കേരളത്തിൽ ഘടകം രൂപീകരിക്കുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് വിജയ്യുടെ പാർട്ടിയും സംസ്ഥാനത്ത് സജീവമായി രംഗത്തെത്തുന്നത്.TVK to Kerala: Vijay’s political move is gaining momentum
അതേസമയം, വിജയ്യുടെ രാഷ്ട്രീയ പ്രവേശനം തമിഴ്നാട്ടിലെ രാഷ്ട്രീയ സമവാക്യങ്ങളെ ശക്തമായി സ്വാധീനിക്കുകയാണ്. ടിവികെ ശക്തിപ്രാപിക്കുന്നത് തങ്ങളുടെ വോട്ട് ബാങ്കിൽ വിള്ളലുണ്ടാക്കുമോ എന്ന ആശങ്ക ഭരണകക്ഷിയായ ഡിഎംകെയെ അലട്ടുന്നുണ്ട്. ഈ സാഹചര്യത്തിൽ, സൂക്ഷ്മതയോടെയാണ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നീക്കങ്ങൾ നടത്തുന്നത്. സാധാരണ ചെന്നൈയിൽ സംഘടിപ്പിക്കാറുള്ള ഡിഎംകെയുടെ ഔദ്യോഗിക ക്രിസ്മസ് ആഘോഷങ്ങൾ ഇത്തവണ ക്രിസ്ത്യൻ ജനസംഖ്യ കൂടുതലുള്ള തിരുനെൽവേലിയിലേക്ക് മാറ്റിയതും ഇതിന്റെ ഭാഗമാണ്. വിജയ്യുടെ രാഷ്ട്രീയ സാന്നിധ്യം ന്യൂനപക്ഷ വോട്ടുകളിൽ സ്വാധീനം ചെലുത്താൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിനെ തുടർന്നാണ്, ആ വോട്ട് ബാങ്ക് ഉറപ്പാക്കാനുള്ള ലക്ഷ്യത്തോടെ സ്റ്റാലിൻ നേരിട്ട് തിരുനെൽവേലിയിലെ ആഘോഷങ്ങളിൽ പങ്കെടുത്തത്.
