ഗ്വായ്ബ (ബ്രസീൽ):ബ്രസീലിലെ ഗ്വായ്ബ നഗരത്തിൽ മണിക്കൂറിൽ 90 കിലോമീറ്ററിലേറെ വേഗതയിൽ വീശിയ ശക്തമായ കൊടുങ്കാറ്റ് വ്യാപക നാശം വിതച്ചു. നഗരത്തിലെ ഹവൻ റീട്ടെയിൽ മെഗാസ്റ്റോറിന് സമീപം സ്ഥാപിച്ചിരുന്ന ‘സ്റ്റാച്യു ഓഫ് ലിബർട്ടി’ പ്രതിമ കാറ്റിൽ തകർന്നു വീണു. ഏകദേശം 40 മീറ്റർ (114 അടി) ഉയരമുള്ള പ്രതിമയാണ് തകർന്നത്. സംഭവത്തിൽ ആർക്കും പരിക്കുകളില്ലെന്ന് പ്രാദേശിക ഭരണകൂടവും പ്രതിമയുടെ ഉടമസ്ഥ കമ്പനിയും അറിയിച്ചു.Storm in Brazil: Statue of Liberty collapses in Guaiba
ഫാസ്റ്റ് ഫുഡ് ഔട്ട്ലെറ്റിനോട് ചേർന്ന സ്റ്റോർ കാർ പാർക്കിലായിരുന്നു പ്രതിമ സ്ഥാപിച്ചിരുന്നത്. ശക്തമായ കാറ്റിൽ ഒരു വശത്തേക്ക് ചരിഞ്ഞ പ്രതിമ പിന്നീട് പൂർണമായും നിലംപതിച്ചു. വീഴ്ചയുടെ ആഘാതത്തിൽ പ്രതിമയുടെ മുകൾ ഭാഗം പൂർണമായി തകരുകയും തല ഭാഗം ചിന്നിച്ചിതറുകയും ചെയ്തു. പ്രതിമ തകർന്നുവീഴുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
ബ്രസീലിലെ വിവിധ ഹവൻ സ്റ്റോറുകൾക്ക് മുന്നിൽ സ്ഥാപിച്ച സമാന നിർമിതികളിലൊന്നായിരുന്നു ഈ പ്രതിമ. 24 മീറ്റർ വരുന്ന മുകൾ ഭാഗം മാത്രമാണ് തകർന്നതെന്നും 11 മീറ്റർ ഉയരമുള്ള പീഠം കേടുകൂടാതെ നിലനിൽക്കുന്നതായും നിർമാതാക്കൾ വ്യക്തമാക്കി. 2020-ൽ സ്റ്റോർ ഉദ്ഘാടനം ചെയ്ത സമയത്താണ് പ്രതിമ സ്ഥാപിച്ചതെന്നും ആവശ്യമായ എല്ലാ സുരക്ഷാ സർട്ടിഫിക്കേഷനുകളും ഉണ്ടായിരുന്നുവെന്നും കമ്പനി അറിയിച്ചു.
അതേസമയം, കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തിൽ മുൻകരുതലായി പ്രദേശം അടച്ചുപൂട്ടിയതായും അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ വിദഗ്ധ സംഘങ്ങളെ നിയോഗിച്ചതായും അധികൃതർ അറിയിച്ചു. സംസ്ഥാന സിവിൽ ഡിഫൻസ് നേരത്തെ തന്നെ മെട്രോപൊളിറ്റൻ മേഖലയിലാകെ കനത്ത കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയിരുന്നു. മൊബൈൽ ഫോണുകളിലേക്ക് അയച്ച അടിയന്തര സന്ദേശങ്ങളിലൂടെ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കുമുള്ള സാധ്യതയെക്കുറിച്ച് താമസക്കാർക്ക് മുന്നറിയിപ്പ് നൽകിയതായും അധികൃതർ വ്യക്തമാക്കി.
