നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിയുടെ വിധിക്കെതിരെ അതിവേഗ അപ്പീൽ നീക്കവുമായി സംസ്ഥാന സർക്കാർ മുന്നോട്ട്. ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിക്കുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കാനാണ് സർക്കാർ തീരുമാനം. ഇതിനായി ശുപാർശ ചെയ്തുകൊണ്ട് സ്പെഷ്യൽ പ്രോസിക്യൂട്ടർ സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്. പ്രോസിക്യൂട്ടറുടെ അപേക്ഷ ലഭിക്കുന്നതോടെ ഉടൻ നിയമോപദേശം നൽകുമെന്ന് ഡി.ജി.പി. നേരത്തെ അറിയിച്ചിരുന്നു. അപ്പീൽ സാധ്യതകൾ വിശദമായി പരിശോധിച്ച ശേഷം എത്രയും വേഗം ഹൈക്കോടതിയെ സമീപിക്കാനാണ് സർക്കാരിന്റെ നീക്കം.Actress attack case! Government files for speedy appeal
അതേസമയം, കേസിലെ വിധിന്യായത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടുണ്ട്. അതിജീവിതയുടെ സിനിമാ അവസരങ്ങൾ ഇല്ലാതാക്കാൻ നടൻ ദിലീപ് ശ്രമിച്ചുവെന്ന ആരോപണത്തിന് കൃത്യമായ തെളിവുകളില്ലെന്ന് കോടതി വ്യക്തമാക്കുന്നു. മലയാള സിനിമയിൽ നിന്ന് നടിയെ ഒഴിവാക്കാൻ ദിലീപ് ശ്രമിച്ചതായി തെളിയിക്കാൻ വിശ്വാസയോഗ്യമായ സാക്ഷിമൊഴികളോ വസ്തുതാപരമായ തെളിവുകളോ പ്രോസിക്യൂഷന് ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. ആക്രമണത്തിന് ശേഷവും രണ്ട് മുതൽ മൂന്ന് വർഷം വരെ സിനിമകളിൽ താൻ അഭിനയിച്ചിരുന്നുവെന്ന് നടി തന്നെ മൊഴി നൽകിയിട്ടുണ്ടെന്നതും കോടതി ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിൽ, സിനിമാ അവസരങ്ങൾ നിഷേധിക്കപ്പെട്ടുവെന്ന ആരോപണം വിശ്വാസയോഗ്യമല്ലെന്നതാണ് കോടതി വിധിന്യായത്തിലെ നിലപാട്.
