പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമന്റ് സമ്മേളനത്തിന്റെ മുന്നോടിയിൽ ശക്തമായ പ്രതികരണവുമായി രംഗത്തെത്തി. രാജ്യത്തിന്റെ അതിവേഗ വികസനത്തിന് ഊർജം പകരുന്ന സമ്മേളനമായിരിക്കണമിതെന്ന് അദ്ദേഹം വ്യക്തമാക്കി. സർക്കാരിന്റെ വികസന അജണ്ട മുന്നോട്ട് കൊണ്ടുപോകുന്നതിൽ പ്രതിപക്ഷവും സഹകരിക്കണമെന്നും മോദി ആവശ്യപ്പെട്ടു. ബിഹാർ തെരഞ്ഞെടുപ്പിലെ ജനവിധി ജനാധിപത്യത്തിന്റെ ശക്തി തെളിയിച്ചുവെന്നും, പാർലമെന്റ് ജനങ്ങൾക്ക് പുതിയ ഊർജത്തിന്റെ സന്ദേശം നൽകേണ്ട സമയം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.Winter session of Parliament will be an engine for the country’s growth: Prime Minister Narendra Modi
മാധ്യമങ്ങളോട് സംസാരിച്ചപ്പോൾ, പ്രതിപക്ഷത്തെതിരെ പ്രധാനമന്ത്രി കർശനമായ വിമർശനം ഉയർത്തി. തെരഞ്ഞെടുപ്പു തോൽവിയിലൂടെ ഉണ്ടായ അസ്വസ്ഥതയിൽ നിന്ന് പ്രതിപക്ഷം മോചിതരാകണം. നിങ്ങളുടെ നിരാശയും രോഷവും പാർലമെന്റിൽ എത്തിച്ച് തീർക്കാൻ ശ്രമിക്കരുത്, മോദി മുന്നറിയിപ്പ് നൽകി. പ്രതിപക്ഷത്തിന്റെ തന്ത്രങ്ങളെ ജനങ്ങൾ നിരസിച്ചതായി ഇനിയെങ്കിലും തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.നാടകം കളിക്കാനായി മറ്റിടങ്ങൾ തേടുക, മോദി പരിഹസിച്ചു.
എല്ലാ എംപിമാർക്കും സഭയിൽ സംസാരിക്കാൻ അവസരം ലഭിക്കണമെന്നതിനാൽ അനാവശ്യ ബഹളങ്ങൾ ഒഴിവാക്കി നിർവഹണങ്ങളിൽ സഹകരിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.ഡിസംബർ 19 വരെ നീളുന്ന ഈ സമ്മേളനം അടുത്തകാലത്തേതിൽ ഏറ്റവും കുറഞ്ഞ ദൈർഘ്യമുള്ളതായിരിക്കും. 13 ബില്ലുകൾ ചര്‍ച്ചയ്ക്കും പാസാക്കലിനുമായി സർക്കാർ അവതരിപ്പിക്കും. വന്ദേമാതരം പാടി 150 വർഷം പൂർത്തിയാകുന്നതിനെ അനുസ്മരിച്ച് പ്രത്യേക ചര്‍ച്ചയും നടക്കും.
അതേസമയം, ഡൽഹി സ്ഫോടനം, തീവ്ര വോട്ടർ പട്ടിക പരിഷ്കരണം, വായു മലിനീകരണം, പുതിയ ലേബർ കോഡ് എന്നിവയിൽ താത്കാലിക ചര്‍ച്ച ആവശ്യപ്പെട്ടിരിക്കുന്ന പ്രതിപക്ഷം, ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം സഭാ പ്രവർത്തനം സ്തംഭിപ്പിക്കുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
