ദില്ലി: ചരിത്രത്തിലെ തന്നെ ഏറ്റവും കുറച്ച് ദിവസമുള്ള ശൈത്യകാല പാർലമെന്റ് സമ്മേളനം ഇന്ന് തുടങ്ങുന്നു. പുതിയ ലേബർ കോഡ്, വോട്ടർ പട്ടികയിലെ തീവ്രപരിഷ്കരണം, ദില്ലി സ്ഫോടനം, വായു മലിനീകരണം എന്നിവയിൽ ചർച്ച അനിവാര്യമെന്ന് പ്രതിപക്ഷം നിലപാട് എടുത്തിട്ടുണ്ട്.Parliament’s winter session begins today
സമ്മേളനത്തിന് മുന്നോടിയായി ചേർന്ന സർവകക്ഷി യോഗത്തിൽ ഈ വിഷയങ്ങൾ അടിയന്തരമായി പരിഗണിക്കണമെന്ന് പ്രതിപക്ഷം ആവശ്യമുന്നയിച്ചു. രാവിലെ 11 മണിക്ക് സെൻട്രൽ ഹാളിൽ പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു അധ്യക്ഷത വഹിച്ച യോഗത്തിലാണ് ആവശ്യങ്ങൾ ഔദ്യോഗികമായി സർക്കാരിനെ അറിയിച്ചത്.
ഹയർ എഡ്യൂക്കേഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ബിൽ, ദേശീയപാത ബിൽ, ആണവോർജ ബിൽ എന്നിവ ഉൾപ്പെടെ 13 ബില്ലുകൾ ഈ സമ്മേളനത്തിൽ പരിഗണിക്കാനുണ്ട്. വന്ദേമാതരം 150-ാം വാർഷികത്തോട് അനുബന്ധിച്ച പ്രത്യേക ചർച്ചയും നടത്തുമെന്ന് സർക്കാർ അറിയിച്ചു.
കുറഞ്ഞത് 20 ദിവസമെങ്കിലും നീണ്ടു നിക്കാറുള്ള ശൈത്യകാല സമ്മേളനം വെട്ടികുറച്ചതിൽ ശക്തമായ എതിർപ്പ് പ്രതിപക്ഷം സർക്കാറിനെ അറിയിച്ചു. ചുരുങ്ങിയ ദിവസത്തെ സമ്മേളനം സർക്കാറിന് പാർലമെന്റിലുള്ള വിശ്വാസത്തെ എടുത്തു കാണിക്കുന്നുവെന്നും പാർലമെന്റ് സമ്മേളനത്തിന്റെ ഗുണമേന്മ ചോർന്നു പോകുന്നതായും ജോൺ ബ്രിട്ടാസ് എം പി ഇന്നലെ ആരോപിച്ചിരുന്നു.
