ആലപ്പുഴ: അരൂർ-തുറവൂർ ഉയരപ്പാത നിർമാണത്തിനിടെ ഗർഡർ വീണ് യുവാവ് മരിച്ച സംഭവത്തിൽ കരാർ കമ്പനിക്കെതിരെ ദേശീയപാത അതോറിറ്റി നടപടിയെടുത്തു. നിർമാണ ചുമതലയുണ്ടായിരുന്ന അശോക ബിൽഡ്കോൺ എന്ന കമ്പനിയെയാണ് കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയത്.Aroor girder disaster; National Highways Authority blacklists contractor
അപകടത്തിൽ കമ്പനിക്ക് വീഴ്ച സംഭവിച്ചോ എന്ന കാര്യത്തിൽ വിദഗ്ധ സമിതി നടത്തുന്ന അന്വേഷണം പൂർത്തിയാകുന്നതുവരെയാണ് കമ്പനിക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഈ കാലയളവിൽ NHAI-യുടെ ടെൻഡറുകളിൽ കമ്പനിക്ക് പങ്കെടുക്കാൻ സാധിക്കില്ല. വൈകിയെങ്കിലും ആശ്വാസകരമായ വാർത്തയാണിതെന്നും ഇടപെടലുകൾ തുടരുമെന്നും കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാൽ പ്രതികരിച്ചു.
കഴിഞ്ഞ നവംബർ 13-ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. മുട്ടയുമായി എറണാകുളം ഭാഗത്ത് നിന്ന് ആലപ്പുഴയിലേക്ക് പോവുകയായിരുന്ന പിക്കപ്പ് വാൻ ഡ്രൈവറായ രാജേഷ് ആണ് ഗർഡറുകൾ ദേഹത്തേക്ക് വീണ് മരിച്ചത്. മൂന്നര മണിക്കൂറിനുശേഷം വാഹനം പൊളിച്ചാണ് രാജേഷിന്റെ മൃതദേഹം പുറത്തെടുത്തത്.
