തിരുവനന്തപുരം: നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകളും സംരംഭകയുമായ ദിയ കൃഷ്ണയുടെ ആഭരണ സ്ഥാപനത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. സ്ഥാപനത്തിന് ഏകദേശം 66 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.Financial fraud case in Diya Krishna’s firm: Crime Branch files chargesheet
ദിയ കൃഷ്ണയുടെ ഉടമസ്ഥതയിലുള്ള ‘ഓ ബൈ ഓസി’ എന്ന ആഭരണശാലയിലെ മൂന്ന് മുൻ ജീവനക്കാരായ ദിവ്യ, രാധാകുമാരി, വിനീത, കൂടാതെ വിനീതയുടെ ഭർത്താവ് ആദർശ് എന്നിവരെയാണ് കേസിൽ പ്രതികളാക്കിയിരിക്കുന്നത്. കടയിൽ സ്ഥാപിച്ചിരുന്ന ക്യൂആർ കോഡിൽ കൃത്രിമം വരുത്തി ഉപഭോക്താക്കളുടെ പണമടയ്ക്കൽ മറ്റൊരു അക്കൗണ്ടിലേക്കാണ് പ്രതികൾ വഴിവിട്ടതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു.
തട്ടിയെടുത്ത വലിയ തുക പ്രതികൾ ആഡംബര ജീവിതത്തിനായി ചെലവഴിച്ചുവെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. വിശ്വാസവഞ്ചനയും മോഷണവുമാണ് ഇവർക്കെതിരെ ചുമത്തപ്പെട്ട കുറ്റങ്ങൾ. ദിയ സ്ഥാപിച്ച യഥാർത്ഥ ക്യൂആർ കോഡിന് പകരം വ്യാജ കോഡ് സ്ഥാപിച്ചിട്ടാണ് പണം തട്ടിയെടുത്തതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
അതേസമയം, തങ്ങളെ തട്ടിക്കൊണ്ടുപോയെന്നാരോപിച്ച് ജീവനക്കാരികൾ കൃഷ്ണകുമാറിനും ദിയക്കുമെതിരെ നൽകിയ എതിർപരാതിയിൽ യാതൊരു അടിസ്ഥാനവുമില്ലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ഈ പരാതിയുടെ അടിസ്ഥാനത്തിൽ നേരത്തേ കൃഷ്ണകുമാർ, ദിയ, സുഹൃത്ത് സന്തോഷ് എന്നിവർക്ക് എതിരെ പോലീസ് കേസ് എടുത്തിരുന്നു. കവടിയാറിലെ ‘ഓ ബൈ ഓസി’യുടെ ഓൺലൈൻ-ഓഫ്ലൈൻ പ്ലാറ്റ്ഫോമിലാണ് ക്യൂആർ കോഡ് തിരിമറി വഴി പണം തട്ടിയത്.
