ദില്ലി: ചെങ്കോട്ടയിൽ ഇന്നലെയുണ്ടായ വൻ സ്ഫോടനത്തിൽ ആക്രമണത്തിന് ഉപയോഗിച്ച കാറുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത് വരികയാണ്. ആക്രമണത്തിന് ഉപയോഗിച്ച ഹുണ്ടായി ഐ20 കാറിന്റെ ആദ്യ ഉടമയായ ദേവേന്ദ്രനിൽ നിന്ന് വാഹനം വാങ്ങിയത് അമീർ ആയിരുന്നു. പിന്നീട് അമീർ അത് പുൽവാമ സ്വദേശി താരിഖിന് കൈമാറി. താരിഖ് വാഹനം വാങ്ങുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ മാസം 29-നാണ് താരിഖ് വാഹനം സ്വന്തമാക്കിയത്.Red Fort blast: More details released regarding the vehicle used in the attack
ഇതേ വാഹനം പിന്നീട് ഉമർ മുഹമ്മദ് എന്നയാൾക്ക് കൈമാറിയെങ്കിലും, അത് വിൽപ്പനയല്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു. താരിഖ് ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. ഇവരെല്ലാം കശ്മീർ സ്വദേശികളായിരുന്നെങ്കിലും ദില്ലിയിലാണ് താമസിച്ചിരുന്നത്. വാഹനം കൈമാറിയ എല്ലാ ഇടപാടുകളും ദില്ലിയിലായിരുന്നു നടന്നത്. ഇതുവരെ 13 പേരെ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിട്ടുണ്ട്.
ഇന്നലെ വൈകിട്ട് 6.55ഓടെയായിരുന്നു ചെങ്കോട്ടയിലെ വൻ സ്ഫോടനം. ലാൽകില മെട്രോ സ്റ്റേഷൻ മുന്നിലെ ട്രാഫിക് സിഗ്നലിൽ വേഗം കുറച്ചെത്തിയ കാർ അപ്രതീക്ഷിതമായി പൊട്ടിത്തെറിക്കുകയായിരുന്നു. സമീപത്തെ വാഹനങ്ങൾ, ഓട്ടോറിക്ഷകൾ, റിക്ഷകൾ എന്നിവ തകർന്നു. തീഗോളം ആകാശത്തേക്ക് ഉയർന്നതായും, ഏകദേശം ഒരു കിലോമീറ്റർ ദൂരത്തോളം പ്രകമ്പനം അനുഭവപ്പെട്ടതായും ദൃക്സാക്ഷികൾ വ്യക്തമാക്കി.
സ്ഫോടനം ചാവേറാക്രമണം ആയിരിക്കാമെന്നതാണ് സൂചന. കാർ മൂന്നു മണിക്കൂർ ചെങ്കോട്ടയ്ക്ക് മുന്നിൽ നിർത്തിയിട്ടിരുന്നു. ആക്രമണത്തിന് ലക്ഷ്യമിട്ടിരുന്നത് തിരക്കേറിയ ചാന്ദ്നി ചൗക്ക് മാർക്കറ്റായിരുന്നെന്നാണ് ലഭ്യമായ സൂചന.
ട്രാഫിക് സിഗ്നലിൽ വാഹനം നിർത്തേണ്ടി വന്നതോടെയാണ് മാർക്കറ്റിലേക്കുള്ള നീക്കം പരാജയപ്പെട്ടതെന്ന് പൊലീസ് വ്യക്തമാക്കുന്നു. സ്ഫോടനം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം ഊർജിതമാക്കി. പ്രാഥമിക തെളിവുകൾ ഭീകരശക്തികളുടെ പങ്ക് വ്യക്തമാക്കുന്നുവെങ്കിലും, സർക്കാർ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.
