തിരുവനന്തപുരം: പ്രസവത്തിന് മൂന്ന് ദിവസം കഴിഞ്ഞ് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നിർദേശപ്രകാരം ജില്ലാ മെഡിക്കൽ ഓഫീസർ വിദഗ്ധ സമിതിയെ രൂപീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിന് പുറത്തുള്ള വിദഗ്ധരായ മൂന്ന് വകുപ്പുകളുടെ മേധാവികളാണ് അന്വേഷണ സംഘത്തിൽ അംഗങ്ങൾ. സംഭവവുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും വിശദമായി പരിശോധിച്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ സമിതിക്ക് നിർദേശം നൽകിയിട്ടുണ്ട്.Woman dies after giving birth; Expert committee to investigate
ഇന്നലെ ഉച്ചയോടെയായിരുന്നു കരിക്കകം സ്വദേശിനി ശിവപ്രിയയുടെ മരണം. ശിവപ്രിയയുടെ മരണത്തിന് പിന്നാലെ ആശുപത്രിക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി കുടുംബം രംഗത്തെത്തി. ചികിത്സാപിഴവാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചു. സുപ്രീംകോടതിയുടെ മാർഗനിർദേശങ്ങൾ അനുസരിച്ച് വിദഗ്ധസമിതിയിലൂടെ അന്വേഷണം നടത്തണമെന്നും, ആർഡിഒയുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ്യും പോസ്റ്റ്മോർട്ടവും നടത്തണമെന്നും അവർ ആവശ്യപ്പെട്ടു.
കഴിഞ്ഞ 22-നാണ് ശിവപ്രിയ എസ്എടി ആശുപത്രിയിൽ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. 24-ന് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് മടങ്ങിയെങ്കിലും പനി അനുഭവപ്പെടുന്നുവെന്ന് അവൾ ഡോക്ടറെ അറിയിച്ചിരുന്നു. വീട്ടിലെത്തിയശേഷം ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് 26-ന് വീണ്ടും എസ്എടിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയിൽ അണുബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ശിവപ്രിയയെ വെന്റിലേറ്ററിലേക്ക് മാറ്റി. ഏകദേശം ഒരാഴ്ചത്തെ ചികിത്സയ്ക്ക് ശേഷമാണ് മരണം സംഭവിച്ചത്.
