തിരുവനന്തപുരം: കര്‍ണാടക ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെതിരെ സംസ്ഥാനവ്യാപക പ്രതിഷേധത്തിന് ഡിവൈഎഫ്ഐ രംഗത്തേക്ക്. ഇന്ന് വൈകീട്ട് സംസ്ഥാനത്തെ 13 ജില്ലകളിലും യുവജന പ്രതിഷേധം സംഘടിപ്പിക്കാനാണ് സംഘടനയുടെ തീരുമാനം. തൃശൂരിലെ പ്രതിഷേധം നാളെ നടക്കും. സര്‍ക്കാര്‍ ഭൂമി അനധികൃതമായി മറിച്ചുവിട്ടതില് സമഗ്ര അന്വേഷണം ആവശ്യപ്പെട്ടാണ് പ്രതിഷേധം.DYFI calls for state-wide protest against Rajeev Chandrasekhar
കുംഭകോണത്തിന്റെ തുടക്കം 1995ലേക്കാണ് പോകുന്നത്. വ്യവസായ സംരംഭം തുടങ്ങാനെന്ന പേരില്‍ രാജീവ് ചന്ദ്രശേഖറിന്റെ ബിപിഎല്‍ കമ്പനി കര്‍ണാടക ഇന്‍ഡസ്ട്രിയല്‍ ഏരിയ ഡെവലപ്മെന്റ് ബോര്‍ഡിനോട് (കെഐഎഡിബി) ഭൂമി ആവശ്യപ്പെട്ടത്. കളര്‍ ടെലിവിഷന്‍, ട്യൂബ്, ബാറ്ററി തുടങ്ങിയ ഉല്പന്നങ്ങളുടെ നിര്‍മാണമാണ് ലക്ഷ്യമെന്നായിരുന്നു ബിപിഎല്ലിന്റെ വാദം. നിരവധി പേര്‍ക്ക് തൊഴില്‍ അവസരം ലഭിക്കുമെന്ന് കമ്പനി വാഗ്ദാനം ചെയ്തതിനെ തുടര്‍ന്ന് കെഐഎഡിബി പദ്ധതിക്ക് അനുമതി നല്കി.
ഇതിന്റെ ഭാഗമായി നേമമംഗള പ്രദേശത്തെ കര്‍ഷകരില്‍ നിന്ന് സര്‍ക്കാര്‍ 175 ഏക്കര്‍ ഭൂമി ഏറ്റെടുത്തു — ഓരോ ഏക്കറിനും 1.1 ലക്ഷം രൂപ നിരക്കില്‍. ആകെ 6.45 കോടി രൂപയ്ക്ക് ബിപിഎല്ക്ക് പാട്ടത്തിന് നല്കിയ ഈ ഭൂമിയുടെ ഉടമസ്ഥാവകാശം പിന്നീട് ബിപിഎല്ക്ക് തന്നെ ലഭിച്ചു. എന്നാല്‍ പതിനഞ്ച് വര്‍ഷത്തോളം ഭൂമിയില്‍ യാതൊരു പ്രവര്‍ത്തനവും നടന്നില്ല.
2010-2011 കാലഘട്ടത്തില്‍ ഭൂമി കൈമാറ്റം നടക്കുകയും മാരുതി സുസൂക്കി, ജിന്‍ഡാല്‍, ബിഒസി ലിമിറ്റഡ് തുടങ്ങിയ കമ്പനികള്‍ക്ക് വിറ്റഴിക്കുകയും ചെയ്തു. ലഭ്യമായ രേഖകള്‍ പ്രകാരം 313.9 കോടി രൂപയാണ് ഈ ഇടപാടിലൂടെ ലഭിച്ചത്. എന്നാല്‍ ഡല്‍ഹി ഹൈക്കോടതി അഭിഭാഷകന് കെ.എന്‍. ജഗദേഷ് കുമാറിന്റെ രേഖകള്‍ അനുസരിച്ച് അഞ്ഞൂറ് കോടിയോളം രൂപയുടെ കുംഭകോണമാണ് നടന്നതെന്ന് പറയുന്നു.
ലോകായുക്ത രാജീവ് ചന്ദ്രശേഖറിന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്നും കേസില്‍ അന്വേഷണം തുടരുകയാണെന്നും ജഗദേഷ് കുമാര്‍ വ്യക്തമാക്കുന്നു. കര്‍ഷകരോട് ചോദിച്ചാല്‍ മുഴുവന്‍ സത്യാവസ്ഥയും പുറത്തുവരുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഭൂമി ഇടപാടിലൂടെ രാജീവ് ചന്ദ്രശേഖര്‍ ഏകദേശം ആയിരം കോടി രൂപയുടെ ലാഭം നേടിയതായാണ് റിപ്പോര്‍ട്ടുകള്‍. അദ്ദേഹത്തിനൊപ്പം ഭാര്യ അഞ്ജലി ചന്ദ്രശേഖര്‍ക്കും, ഭാര്യയുടെ പിതാവ് അജിത് ഗോപാല്‍ നമ്പ്യാര്ക്കുമെതിരെയും ആരോപണങ്ങളുണ്ട്.
കുംഭകോണ ആരോപണം പൊട്ടിപ്പുറപ്പെട്ടതിനു പിന്നാലെ രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. ഗുരുതരമായ ആരോപണങ്ങള്‍ക്കുമപ്പുറം, പതിവുപോലെ സിപിഐഎമ്മും കോണ്‍ഗ്രസും പിന്നില്‍ ഉണ്ടെന്ന പഴയ രാഷ്ട്രീയ വാദം ആവര്‍ത്തിച്ചാണ് അദ്ദേഹം പ്രതികരിച്ചത്.
