തിരുവനന്തപുരം: അടുത്തിടെ നടക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് ജനങ്ങളുടെ ആവശ്യങ്ങളും അഭിപ്രായങ്ങളും മനസിലാക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി ‘നവകേരള ക്ഷേമ സർവേ’ എന്ന പേരിൽ വൻതോതിലുള്ള സർവേ നടത്താൻ തീരുമാനമായി. സംസ്ഥാനത്തെ ഏകദേശം 80 ലക്ഷം വീടുകളിലാണ് ഈ സർവേ നടത്തുക.Government decision for New Kerala Welfare Survey
മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ടായിരിക്കും സർവേയുടെ ഏകോപനവും വിലയിരുത്തലും കൈകാര്യം ചെയ്യുക. സർക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികൾ ജനങ്ങളിലേക്ക് എത്രത്തോളം ഫലപ്രദമായി എത്തുന്നുവെന്നത് വിലയിരുത്തുകയാണ് ഈ സർവേയുടെ പ്രധാന ലക്ഷ്യം.
വിവരശേഖരണത്തിനായി കോളേജ് വിദ്യാർത്ഥികളെയാണ് ചുമതലപ്പെടുത്തുന്നത്. സാക്ഷരതാ സർവേയുടെ മാതൃകയിൽ തന്നെയാണ് നവകേരള ക്ഷേമ സർവേയും നടപ്പാക്കുന്നത്. ഓരോ വീടുകളിലും നേരിട്ട് എത്തി വിവരങ്ങൾ ശേഖരിക്കുന്നതിന് വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനവും ലഭ്യമാക്കും.
തിരഞ്ഞെടുപ്പിന് മുൻപ് ജനഹിതം കൃത്യമായി മനസിലാക്കാനുള്ള ശ്രമമായ ഈ സർവേയ്ക്കായി ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം. എബ്രഹാം അടങ്ങിയ ഉദ്യോഗസ്ഥ സംഘം വിശദമായ മൊഡ്യൂൾ തയ്യാറാക്കിയതായി അറിയുന്നു.
