ആലുവയിൽ നാല് വയസുകാരിയെ പുഴയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കേസിലെ ഏക പ്രതി കുട്ടിയുടെ അമ്മയാണ്. ചെങ്ങമനാട് പൊലീസ്, കുറ്റപത്രം ആലുവ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു. 101 സാക്ഷികളെയാണ് കേസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.Murder of four-year-old girl in Aluva; Chargesheet filed
2025 മെയ് 19-നാണ് മൂഴിക്കുളം പാലത്തിൽ നിന്ന് കുട്ടിയെ അമ്മ പുഴയിലേക്ക് തള്ളിയത്. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ചെറിയച്ഛനെതിരെ വേറെ കേസിലും പൊലീസ് കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. പുത്തൻകുരിശ് പൊലീസ് സമർപ്പിച്ച കുറ്റപത്രം മൂവാറ്റുപുഴയിലെ പോക്സോ കോടതിയിലാണ്. കുട്ടിയുടെ പോസ്റ്റ്മോർട്ടത്തിനിടെയാണ് പീഡന വിവരം പുറത്ത് വന്നത്.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണത്തിൽ നിർണായക മുന്നേറ്റം. ആദ്യം കുട്ടിയെ കാണാതായതായി അമ്മ പൊലീസിനോട് പറഞ്ഞിരുന്നെങ്കിലും, അന്വേഷണത്തിൽ അവൾ കുട്ടിയുമായി ആലുവയിൽ ബസിൽ നിന്ന് ഇറങ്ങിയതായി വ്യക്തമായി. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ, മൂഴിക്കുളം പാലത്തിൽ നിന്ന് കുട്ടിയെ തള്ളിയതായി യുവതി സമ്മതിച്ചു. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം പുഴയിൽ നിന്ന് കണ്ടെത്തിയത്.
