ശബരിമലയിലെ ദ്വാരപാലക പീഠം സ്പോൺസറുടെ ബന്ധുവീട്ടിൽ നിന്ന് കണ്ടെത്തിയ സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ദേവസ്വം ബോർഡിന്റെ രജിസ്റ്ററുകൾ പരിശോധിച്ച് സ്വർണാഭരണങ്ങളുടെ കണക്കെടുപ്പ് നടത്തണമെന്നും കോടതി നിർദേശിച്ചു. വിരമിച്ച ജില്ലാ ജഡ്ജിയുടെ മേൽനോട്ടത്തിൽ ചീഫ് വിജിലൻസ് ഓഫീസർ അന്വേഷണം നടത്തണമെന്നും ദേവസ്വം ബഞ്ച് ഇടക്കാല ഉത്തരവിലൂടെ വ്യക്തമാക്കി.Sabarimala Dwarpalaka Peetha controversy: High Court orders investigation
ദ്വാരപാലക ശിൽപങ്ങളുടെ തൂക്കത്തിൽ ഉണ്ടായ കുറവും, പീഠങ്ങൾ സ്പോൺസറായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹോദരി മിനിയുടെ വെഞ്ഞാറമൂട്ടിലെ വീട്ടിൽ നിന്നും കണ്ടെത്തിയ സംഭവവും ഉൾപ്പെടുത്തി സമഗ്രമായ അന്വേഷണം വേണമെന്നതാണ് കോടതിയുടെ നിർദേശം. പീഠങ്ങൾ എങ്ങനെ അവിടെ എത്തി എന്നതിൽ വ്യക്തമായ അന്വേഷണം നടത്തണം.
അതോടൊപ്പം, ദേവസ്വം ബോർഡിന്റെ രജിസ്റ്ററുകൾ പരിശോധിച്ച് 1999 മുതൽ ഉള്ള സ്വർണാഭരണങ്ങളുടെ രേഖകളും മൂല്യവും തൂക്കവും വ്യക്തമാക്കണം. തിരുവാഭരണം രജിസ്റ്ററും വിശദമായി പരിശോധിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. രേഖകളും സ്വർണ്ണാഭരണങ്ങളും പോലെയുള്ള വിശുദ്ധസ്വത്തുക്കളുടെ രഹസ്യത്വം കാത്തുസൂക്ഷിക്കണമെന്നും കോടതി മുന്നറിയിപ്പ് നൽകി.
അന്വേഷണ റിപ്പോർട്ട് നേരിട്ട് കോടതിയിൽ സമർപ്പിക്കണം, മറ്റാരുടെയും കൈകളിൽ എത്തരുതെന്നും കോടതി വ്യക്തമാക്കി. അറ്റകുറ്റപ്പണി പൂർത്തിയാക്കിയ സ്വർണ്ണപ്പാളികൾ ക്ഷേത്രത്തിൽ സ്ഥാപിക്കാൻ ഹൈക്കോടതി ദേവസ്വം ബോർഡിന് അനുമതി നൽകിയിട്ടുണ്ട്. കേസ് അടുത്ത മാസം 15ന് വീണ്ടും പരിഗണിക്കും.
