പമ്പാ തീരത്ത് വിശ്വമാനവികതയുടെ മഹാസംഗമത്തിന് തുടക്കം കുറിച്ചു. ആയിരക്കണക്കിന് പ്രതിനിധികളുടെ സാന്നിധ്യത്തിൽ, ആഗോള അയ്യപ്പ സംഗമം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പ്രധാന വേദിയായ ‘തത്ത്വമസി’യിൽ മന്ത്രിമാരും വിവിധ മത-സാമുദായിക നേതാക്കളും പങ്കെടുത്തു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് സ്വാഗതം ആശംസിച്ചു, ദേവസ്വം വകുപ്പ് മന്ത്രി വി. എൻ. വാസവൻ അധ്യക്ഷനായിരുന്നു.Global Ayyappa Sangam begins on the banks of Pampa
തമിഴ്നാട് ഹിന്ദുമത ചാരിറ്റബിൾ എൻഡോവ്മെന്റ് വകുപ്പ് മന്ത്രി പി.കെ. ശേഖർ ബാബുവും ഐടി വകുപ്പ് മന്ത്രി പളനിവേൽ ത്യാഗരാജനും പ്രത്യേക ക്ഷണിതാക്കളായി പങ്കെടുത്തു. എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, എൻഎസ്എസ് വൈസ് പ്രസിഡൻറ് സംഗീത് കുമാർ, കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ എന്നിവർ വേദിയിൽ സന്നിഹിതരായി.
സംഗമത്തിലെ പ്രധാന ചർച്ച ശബരിമല മാസ്റ്റർ പ്ലാനാണ്. ഉച്ചയ്ക്ക് 12 മുതൽ ‘തത്ത്വമസി’, ‘ശ്രീരാമ സാകേതം’, ‘ശബരി’ എന്നീ വേദികളിലായി ശബരിമല മാസ്റ്റർ പ്ലാൻ, ആത്മീയ ടൂറിസം സർക്യൂട്ട്, ശബരിമലയിൽ ആൾക്കൂട്ട നിയന്ത്രണവും സൗകര്യങ്ങളും സംബന്ധിച്ച വിഷയങ്ങളിൽ ചർച്ചകൾ നടക്കും.
വിദേശ രാജ്യങ്ങളിൽ നിന്നടക്കം 3000 പ്രതിനിധികളും മത, സാമുദായിക, സാംസ്കാരിക രംഗത്തെ 500 പേരും സംഗമത്തിൽ പങ്കെടുക്കുന്നു. പ്രതിനിധികൾക്ക് പ്രവേശനം പാസ് വഴി മാത്രമാണ് അനുവദിച്ചിരിക്കുന്നത്.
