പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം ശനിയാഴ്ച പമ്പയിൽ നടക്കും. 3000-ത്തിലധികം പ്രതിനിധികൾ പങ്കെടുക്കുന്ന സംഗമം രാവിലെ 9.30-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.Global Ayyappa Sangam to be inaugurated by Chief Minister tomorrow
പരിപാടിയിൽ മൂന്നു സെക്ഷനുകളിലായി ചർച്ചകൾ നടക്കും. ശബരിമല മാസ്റ്റർ പ്ലാൻ ഉൾപ്പെടെ വിവിധ വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനായി സ്പോൺസർമാരുടെ സഹായം തേടുന്നതടക്കമുള്ള വിഷയങ്ങൾ ഇവിടെ ഉന്നയിക്കും. കൂടാതെ തീർത്ഥാടക ടൂറിസത്തിന്റെ വളർച്ച, തിരക്ക് നിയന്ത്രണ മാർഗങ്ങൾ, ശബരിമലയുടെ ഭാവി വികസനത്തിന്റെ ദിശ തുടങ്ങിയ വിഷയങ്ങളും സംഗമത്തിൽ പ്രധാനമായി ചർച്ച ചെയ്യും. ശബരിമലയ്ക്കായി വ്യക്തമായ ദീർഘകാല കാഴ്ചപ്പാട് മുന്നോട്ട് വെക്കുക തന്നെയാണ് സംഗമത്തിന്റെ ലക്ഷ്യമെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ വ്യക്തമാക്കി. വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും പശ്ചാത്തല സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ സർക്കാർ ശ്രമിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, ഈ സംഗമം ഭക്തരെ കബളിപ്പിക്കാനുള്ള ശ്രമമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. തെരഞ്ഞെടുപ്പ് അടുത്തതിനാൽ ഭക്തരെ സ്വാധീനിക്കാനാണ് ഇത്തരം പരിപാടി സംഘടിപ്പിക്കുന്നതെന്നും, സംഗമത്തിന് മുമ്പ് കൊണ്ടുപോയ നാലു കിലോ സ്വർണത്തിന്റെ കാര്യത്തിൽ സർക്കാർ വ്യക്തത വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഗമം ഉദ്ഘാടനം ചെയ്യുമ്പോൾ ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ചത് തെറ്റായിരുന്നെന്ന് മുഖ്യമന്ത്രി സമ്മതിക്കുമോ എന്നും ചെന്നിത്തല ചോദിച്ചു.
ഇതിനിടെ, ആഗോള അയ്യപ്പ സംഗമത്തിന് ബദലായി സംഘപരിവാർ സംഘടനകൾ വിശ്വാസ സംഗമം സംഘടിപ്പിക്കുന്നു. ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന ഈ സംഗമം 22-ന് പന്തളത്തിൽ അരങ്ങേറും. തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ സമ്മേളനം ഉദ്ഘാടനം ചെയ്യും. “ശബരിമല സംരക്ഷണ സമ്മേളനം” എന്ന പേരിൽ നടക്കുന്ന സംഗമം ‘വിശ്വാസത്തോടൊപ്പം വികസനം’ എന്ന സന്ദേശമാണ് മുന്നോട്ടുവയ്ക്കുന്നത്.
