പാലിയേക്കര ടോൾ പിരിവ് വിലക്കിയ ഉത്തരവ് ഹൈക്കോടതി വീണ്ടും നീട്ടി. നാളെയോടെ പുതിയ തീരുമാനം ഉണ്ടാകുന്നതുവരെ ടോൾ പിരിക്കാൻ അനുമതിയില്ല.High Court orders extension of Paliyekkara toll ban again
ടോൾ പിരിവ് സംബന്ധിച്ച ഹർജി ഇന്ന് വീണ്ടും പരിഗണിക്കുമെന്നാണ് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് വിലക്ക് തുടരാൻ ഉത്തരവിട്ടത്. ടോൾ പിരിവ് പുനരാരംഭിക്കണമോ ഇല്ലയോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്ന് കോടതി അറിയിച്ചു.
ഇടപ്പള്ളി–മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്ക് ഭാഗികമായി പരിഹരിച്ചുവെന്നു മോണിറ്ററിംഗ് കമ്മിറ്റി, തൃശൂർ ജില്ലാ കളക്ടർ എന്നിവർ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടുകൾ കോടതി അംഗീകരിച്ചില്ല. ഇതോടെ ടോൾ വിലക്ക് നീട്ടാനുള്ള സാഹചര്യം രൂപപ്പെട്ടു.
നിർമാണ പ്രവർത്തനങ്ങളാൽ ദേശീയപാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായ സാഹചര്യത്തിൽ കഴിഞ്ഞ ആഗസ്റ്റ് 5ന് ഹൈക്കോടതി ഇടപെട്ട് ടോൾ പിരിവ് നിർത്തിവെച്ചിരുന്നു. എന്നാൽ 40 ദിവസം കഴിഞ്ഞിട്ടും പ്രശ്നങ്ങൾ പരിഹരിക്കാത്തത് ദേശീയപാത അതോറിറ്റിക്കും കേന്ദ്ര സർക്കാരിനും തിരിച്ചടിയായിരിക്കുകയാണ്. കഴിഞ്ഞ ഹർജി പരിഗണന വേളയിലും ഇവർക്കെതിരെ കോടതി കർശന വിമർശനം ഉന്നയിച്ചിരുന്നു.
