തിരുവനന്തപുരം: വിവരാവകാശ അപേക്ഷകൾ സമയബന്ധിതമായി പരിഗണിക്കാത്തതും, ലഭിക്കുന്ന മറുപടികൾ അപൂർണ്ണമാണെന്നും വ്യക്തമാക്കിയുള്ള നിരന്തര പരാതികൾക്കൊടുവിൽ കെഎസ്ഇബി പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. അപേക്ഷകൾക്ക് ഇനി മുതൽ വ്യക്തവും ലളിതമായ ഭാഷയിൽ, സാധാരണക്കാർക്കും എളുപ്പത്തിൽ മനസ്സിലാകുന്ന രീതിയിൽ മറുപടി നൽകണമെന്നാണ് നിർദേശം.KSEB issues new guidelines for Right to Information
കെഎസ്ഇബിയുടെ വിവിധ ഓഫിസുകളിൽ ലഭിച്ച പരാതികൾ പ്രകാരം, അപേക്ഷകരെ ആശയക്കുഴപ്പത്തിലാക്കുന്ന അപൂർണ്ണമായോ അസ്പഷ്ടമായോ ഉള്ള മറുപടികൾ ഒഴിവാക്കണമെന്ന് സർക്കുലറിൽ പറയുന്നു. നൽകുന്ന വിവരം ഔദ്യോഗിക രേഖകളിൽ നിന്ന് മാത്രം ശേഖരിക്കണം; സ്ഥിരീകരിക്കാത്ത വിവരങ്ങൾ നൽകുന്നത് നിരോധിച്ചിട്ടുണ്ട്. അപേക്ഷയിൽ ഉയർത്തിയ എല്ലാ വിഷയങ്ങൾക്കും മറുപടി നൽകണമെന്നും, ഭാഗിക വിവരങ്ങൾ നൽകുന്നത് ഒഴിവാക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. മറുപടി നൽകാൻ കഴിയാത്ത സാഹചര്യമുണ്ടെങ്കിൽ, അത് ഏത് നിയമപ്രകാരമാണെന്ന് വ്യക്തമാക്കണമെന്നും നിർദേശമുണ്ട്.
അപേക്ഷകൻ ആവശ്യപ്പെട്ടിട്ടുള്ള രേഖകളുടെ പകർപ്പുകൾ നൽകേണ്ടതായി വരുമ്പോൾ, പേജുകളുടെ എണ്ണം, അടയ്ക്കേണ്ട തുക, എവിടെ അടക്കണം തുടങ്ങിയ വിവരങ്ങൾ കത്തോ ഇമെയിലോ വഴി അറിയിക്കണം. സാധാരണ അപേക്ഷകൾക്ക് 30 ദിവസത്തിനകം മറുപടി നൽകേണ്ടതും, ജീവൻ-സ്വാതന്ത്ര്യം സംബന്ധിച്ച അപേക്ഷകളിൽ 48 മണിക്കൂറിനകം മറുപടി നൽകേണ്ടതുമാണെന്ന് സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.
