
ശ്രീനഗർ: ജമ്മു-കശ്മീരിലെ കുൽഗാമിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ നടന്നു. ശനിയാഴ്ച രാവിലെ നടന്ന ഓപ്പറേഷൻ ‘അഖാൽ’ നടപടിക്കിടെയായിരുന്നു ഏറ്റുമുട്ടൽ. ഇതിൽ ലാൻസ് നായിക് പ്രിതിപാൽ സിങ്, സൈനികൻ ഹർമിന്ദർ സിങ് എന്നിവർ ഏറ്റുമുട്ടലിൽ മരിച്ചത്. രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്.Another encounter in Jammu and Kashmir; Two soldiers martyred
സൈന്യത്തിന്റെ വിവരമനുസരിച്ച്, ഒമ്പത് ദിവസമായി കുൽഗാമിൽ ഭീകരവിരുദ്ധ ദൗത്യം തുടരുകയാണ്. ഇതുവരെ അഞ്ച് ഭീകരരെ വധിച്ചിട്ടുണ്ടെന്നും, ഇവരിൽ മൂവരും പഹൽഗാം ഭീകരാക്രമണത്തിൽ നേരിട്ട് പങ്കെടുത്തവരാണെന്നും അറിയിച്ചു. ഓഗസ്റ്റ് ഒന്നിനാണ് ദക്ഷിണ കശ്മീരിലെ അഖാലിൽ ഈ ദൗത്യം ആരംഭിച്ചത്. സമീപകാലത്ത് നടന്ന ഏറ്റവും ദൈർഘ്യമേറിയ ഭീകരവിരുദ്ധ ഓപ്പറേഷനാണിത്.
ശനിയാഴ്ച രാവിലെ, അഖാലിലെ വനമേഖലയിലെ സ്വാഭാവിക ഗുഹകളിൽ ഒളിച്ചിരിക്കുന്ന മൂന്ന് ഭീകരരെക്കുറിച്ചുള്ള വിവരം ലഭിച്ചതിനെ തുടർന്ന് തിരച്ചിൽ ശക്തമാക്കി. ദുർഘടമായ പ്രദേശമായതിനാൽ ഭീകരരെ പിടികൂടൽ വെല്ലുവിളിയാണ്.
പാരാകമാൻഡോകൾ, സിആർപിഎഫ്, ജമ്മു-കശ്മീർ പോലീസ് എന്നിവർ ചേർന്നാണ് ഓപ്പറേഷൻ മുന്നോട്ടു കൊണ്ടുപോകുന്നത്. ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് ഒളിവിൽ കഴിയുന്ന ഭീകരരെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു.
ലാൻസ് നായിക് പ്രിതിപാൽ സിങിന്റെയും ഹർമിന്ദർ സിങിന്റെയും ധീരതയും ത്യാഗവും എന്നും പ്രചോദനമായി തുടരുമെന്ന് ചിനാർ കോർപ്സ് ട്വിറ്ററിൽ അറിയിച്ചു. വീരമൃത്യുവിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി കുടുംബത്തിനൊപ്പം നിൽക്കുമെന്ന് സൈന്യം അറിയിച്ചു. ദൗത്യം തുടരുമെന്നും വ്യക്തമാക്കി.