
മുംബൈ: 2008ലെ മലേഗാവ് സ്ഫോടനക്കേസിലെ മുഴുവൻ പ്രതികളും കുറ്റവിമുക്തരായി. മുംബൈയിലെ പ്രത്യേക എൻഐഎ കോടതിയാണ് 17 വർഷം നീണ്ടുനിന്ന വിചാരണയ്ക്ക് ശേഷം ഈ നിർണായക വിധി പ്രസ്താവിച്ചത്.Malegaon blast case: All accused acquitted
പ്രതികളിൽ പ്രധാനിയായിരുന്ന ലഫ്. കേണൽ പ്രസാദ് പുരോഹിത്തിന് നേരെ ബോംബ് നിർമ്മാണത്തിൽ നേരിട്ടുള്ള പങ്കില്ലെന്ന് കോടതി വ്യക്തമാക്കി. അദ്ദേഹത്തിന്റെ വിരലടയാളങ്ങൾ ലഭ്യമല്ല, ഗൂഢാലോചന യോഗങ്ങളിൽ പങ്കെടുത്തതായി തെളിയിക്കുന്ന തെളിവുകളും ഇല്ല.
പ്രജ്ഞ സിംഗ് ഠാക്കൂറിനെതിരെയും മതിയായ തെളിവുകളില്ലെന്ന് കോടതി വിലയിരുത്തി. യുഎപിഎയും ആയുധ നിയമവും ഉൾപ്പെടെ ചുമത്തപ്പെട്ട കുറ്റങ്ങൾ തെളിയിക്കാൻ അന്വേഷണ ഏജൻസിക്ക് സാധിച്ചില്ലെന്നും കോടതി പറഞ്ഞു.
അതിനാൽ, പ്രജ്ഞ സിംഗ് ഠാക്കൂർ, ലഫ്. കേണൽ പ്രസാദ് പുരോഹിത്ത്, റിട്ട. മേജർ രമേഷ് ഉപാധ്യായ്, അജയ് രാഹികർ, സുധാകർ ദ്വിവേദി, സുധാകർ ചതുർവേദി, സമീർ കുൽക്കർണി എന്നിവർ ഉൾപ്പെടെ എല്ലാ പ്രതികളെയും കോടതിയ്ക്ക് വിട്ടയച്ചു.
2008 സെപ്റ്റംബർ 29ന് വടക്കൻ മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ മലേഗാവിൽ പള്ളിക്ക് സമീപം ഒരു മോട്ടോർസൈക്കിളിൽ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ച് ആറുപേർ കൊല്ലപ്പെടുകയും 100ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഹേമന്ത് കർക്കരെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയാണ് കേസ് അന്വേഷിച്ച് 11 പേരെ അറസ്റ്റ് ചെയ്തത്. സ്ഫോടനത്തിൽ ഉപയോഗിച്ച ബൈക്ക് വഴിയാണ് അന്വേഷണം പ്രജ്ഞ സിംഗിലേക്ക് എത്തിയത്.കേസില്‍ രാമചന്ദ്ര കൽസങ്കര അടക്കം രണ്ടുപേർ പിടികിട്ടാപ്പുള്ളികളാണ്.