വയനാട്: ചൂരൽമലയിൽ കടയും കച്ചവടവും നഷ്ടപ്പെട്ടവർക്ക് പ്രത്യേക പാക്കേജ് അനുവദിക്കുമെന്ന് റവന്യു മന്ത്രി കെ. രാജൻ. കച്ചവട സ്ഥാപനങ്ങൾക്കും വ്യാപാരികൾക്കും നേരിട്ട നാശനഷ്ടം പരിഗണിച്ചാണ് ഈ പാക്കേജ് രൂപവത്കരിക്കുക.Chooralmala disaster: Special package for traders
പുനരധിവാസ പട്ടികയിൽ ഉൾപ്പെടാത്തവരുടെ പ്രശ്നങ്ങൾക്കായി സർക്കാർ രാഷ്ട്രീയ തീരുമാനമെടുക്കുമെന്നും, ഉദ്യോഗസ്ഥ പരിശോധനയ്ക്ക് ശേഷമായിരിക്കും രാഷ്ട്രീയ നേതൃത്വത്തിന്റെ ഇടപെടൽ എന്നും മന്ത്രി വ്യക്തമാക്കി. പടവെട്ടികുന്ന് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിന്നുള്ള അപേക്ഷകൾ മുൻഗണനാ അടിസ്ഥാനത്തിൽ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ ആവശ്യങ്ങൾ നേരിട്ട് കേട്ട് അവയെ അടിസ്ഥാനമാക്കിയുള്ള സമഗ്രമായ പുനരധിവാസ പദ്ധതി നടപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. “ഒരു കുടുംബത്തിന്റെ പോലും വാടക മുടങ്ങിയിട്ടില്ല. പട്ടികയിൽ ഇല്ലാത്തവരെയും സർക്കാർ ഉപേക്ഷിക്കില്ല,” കെ. രാജൻ ഉറപ്പ് നൽകി. വ്യാപാര സ്ഥാപനങ്ങൾക്ക് ആവശ്യമായ സാമ്പത്തിക സഹായം ഉറപ്പുവരുത്തുമെന്നും വീടുകളുടെ നിർമാണം ഡിസംബർ മാസത്തോടെ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.
ഇന്ത്യയിലെ ഏറ്റവും നല്ല പുനരധിവാസ മാതൃകയാക്കുകയാണ് ലക്ഷ്യമെന്ന് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. “സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ ഘട്ടംഘട്ടമായി നടപ്പാക്കി വരികയാണ്. ദുരന്തത്തിൽപ്പെട്ടവരെ ക്യാമ്പുകളിൽ നിന്ന് ഉടൻ വാടക വീടുകളിലേക്ക് മാറ്റാൻ കഴിഞ്ഞത് വലിയ ആശ്വാസം നല്‍കിയിട്ടുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.
