
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ വിലാപയാത്ര ജന്മനാടായ ആലപ്പുഴയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. തിരുവനന്തപുരം ജില്ല മറികടന്ന് കൊല്ലം ജില്ലയിലേക്ക് എത്തുമ്പോൾ മഴ അവഗണിച്ചും പ്രിയ നേതാവിന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ ആയിരങ്ങൾ റോഡരികിൽ നിരന്നു. തിരുവനന്തപുരത്ത് ആരംഭിച്ച യാത്ര ജില്ല പിന്നിട്ടത് പത്ത് മണിക്കൂറെടുത്താണ്.VS Achuthanandan’s last journey to Alappuzha
കേരളത്തിന്റെ തെരുവുകളിൽ അതിന്റെ മുദ്രാവാക്യങ്ങളാൽ ജീവൻകൊടുത്തിരുന്ന നേതാവായിരുന്നു വി.എസ് അച്യുതാനന്ദൻ. അന്ത്യയാത്രയിലും അതേ ജ്വാലയോടെ മുദ്രാവാക്യങ്ങൾ മുഴക്കി അനുയായികൾ ആദരവ് പ്രകടിപ്പിച്ചു. എ.കെ.ജി പഠന ഗവേഷണ കേന്ദ്രം, വേലിക്കകത്തെ വീട്, സെക്രട്ടേറിയറ്റിലെ ദർബാർ ഹാൾ തുടങ്ങി യാത്ര കടന്നുപോയ ഓരോ കേന്ദ്രങ്ങളിലും ജനക്കൂട്ടത്തിന്റെ നിശ്ശബ്ദ സാക്ഷ്യം പ്രത്യക്ഷമായി.
വി.എസ് അച്യുതാനന്ദനെന്ന രാഷ്ട്രീയ ആചാര്യനെ വാർത്തെടുത്ത ഭുമിയാണ് ആലപ്പുഴ. കുട്ടനാടിൻ്റമണ്ണിൽ ഉഴുതുമറിച്ച ആവേശവും പുന്നപ്ര വയലാർ സമരരംഗത്തെ ചൂടുമാണ് ഈ രാഷ്ട്രീയക്കാരൻ പിന്നീട് ശോഭിച്ചതിന് പിന്നിൽ. ശരീരഭാഷ, സംഘാടക ശേഷി, ഉൾപ്പാർട്ടിസമരങ്ങളിലെ പോരാട്ട വീര്യം, പാർലമെൻ്ററി ഇടപെടലുകളിലെ കരുത്ത് എല്ലാം രൂപപ്പെടുത്തിയത് ഈ മണ്ണാണ്.