കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷികം ഇന്ന് ആചരിക്കുന്നു. അനുസ്മരണത്തിന്റെ ഭാഗമായി കെപിസിസി സംഘടിപ്പിക്കുന്ന ‘ഉമ്മന്‍ ചാണ്ടി സ്മൃതിസംഗമം’ പുരോഗമിക്കുന്നു. പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളി ഗ്രൗണ്ടിലാണ് ചടങ്ങ് രാവിലെ 9 മണിക്ക് ആരംഭിച്ചത്.Oommen Chandy’s second death anniversary today
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി 10 മണിക്ക് സമ്മേളനം ഉദ്ഘാടനം ചെയ്യും. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അദ്ധ്യക്ഷത വഹിക്കും.
ചടങ്ങിനിടെ, ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന് നിര്‍മിച്ച 12 വീടുകളുടെ താക്കോല്‍ കൈമാറ്റം, കെപിസിസിയുടെ പുതിയ ജീവകാരുണ്യ പദ്ധതി ‘സ്മൃതിതരംഗം’യുടെ ഉദ്ഘാടനം എന്നിവയും രാഹുല്‍ ഗാന്ധി നിര്‍വഹിക്കും. ഇത്, ശ്രവണ ബുദ്ധിമുട്ടുള്ളവരെ സഹായിക്കുന്ന ‘ശ്രുതിതരംഗം’ പദ്ധതിയുടെ തുടർഘട്ടമാണ്.
പുതുപ്പള്ളി വലിയപള്ളിയില്‍ ഇന്ന് രാവിലെ 7ന് ദിവ്യബലി നടന്നു. ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ പ്രത്യേക പ്രാര്‍ഥനയും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ മുഖ്യ കാര്‍മികത്വം വഹിച്ചു. പൊതുസമ്മേളനത്തിനു മുന്‍പായി, രാഹുല്‍ ഗാന്ധി ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തി.
സംസ്ഥാനമാകെ ഡിസിസി, മണ്ഡലം, വാര്‍ഡ് തലങ്ങളിലായി അനുസ്മരണ പരിപാടികള്‍ നടക്കുന്നു. പുതുപ്പള്ളിയിലെ പരിപാടികള്‍ക്കു ശേഷം വൈകിട്ട് 3 മണിയോടെ രാഹുല്‍ ഗാന്ധി തിരുവനന്തപുരം വഴുതക്കാട്ടെ ‘അഞ്ജന’യിലെത്തി കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയെ സന്ദര്‍ശിക്കും. പിന്നീട് നാലു മണിക്ക് തിരുവനന്തപുരത്ത് നിന്ന് മടങ്ങും.
