
ന്യൂഡൽഹി: സിഎംആർഎൽ–എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ഇന്ന് വീണ്ടും ഡൽഹി ഹൈക്കോടതി പരിഗണന നടത്തും. ജസ്റ്റിസ് ഗിരീഷ് കട്പാലിയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹർജി പരിശോധിക്കുന്നത്.CMRL-Exalogic case: Delhi High Court to consider again
മുന്‍പ് കേസ് പരിഗണിച്ച ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിന്റെ ബെഞ്ച് വിചാരണ കോടതിക്ക് തുടര്‍ നടപടികളുമായി മുന്നോട്ടുപോകരുതെന്ന് നിര്‍ദ്ദേശിച്ചിരുന്നുവെന്നും എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടികളെടുക്കരുതെന്നും ഡൽഹി ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
സിഎംആർഎൽ നൽകിയ ഹർജിയിൽ അന്തിമ തീരുമാനമെടുക്കുംവരെ ഈ വിലക്ക് തുടരുമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, അഡീഷണൽ സെഷൻസ് കോടതിയിൽ റിപ്പോർട്ട് ഫയൽ ചെയ്യാൻ കാരണമായത് എസ്എഫ്ഐഒയും കേന്ദ്രസർക്കാർ വകുപ്പുകളും തമ്മിലുള്ള ആശയവിനിമയത്തിലെ പോരായ്മയാണെന്ന് കേന്ദ്ര സർക്കാർ വിശദീകരിച്ചു. ഇത് മനപ്പൂർവമായും ഉദ്ദേശപൂർവമായും ഉണ്ടായതല്ലെന്ന് അവർ അറിയിച്ചു.
എക്സാലോജിക്–സിഎംആർഎൽ ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ വിചാരണ കോടതിയിൽ റിപ്പോർട്ട് ഫയൽ ചെയ്യില്ലെന്ന് മുൻകൂട്ടി എസ്എഫ്ഐഒ വാക്ക് നൽകിയിരുന്നുവെന്നും, അതിനെതിരെയാണ് ഇപ്പോഴത്തെ നടപടി എന്നാണ് ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് നേരത്തെ വ്യക്തമാക്കിയിരുന്നത്. ഈ ഉറപ്പ് ലംഘിച്ചതിന് കാരണം എന്തെന്നു കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറലിനോട് ഹൈക്കോടതി ചോദിച്ചു. തുടര്‍ന്ന് കോടതി എസ്എഫ്ഐഒയുടെ നടപടികളിൽ താത്കാലിക വിലക്ക് ഏർപ്പെടുത്തി.
എസ്എഫ്ഐഒ സമർപ്പിച്ച കുറ്റപത്രത്തിൽ സിഎംആർഎല്ലിനും ടി. വീണയ്ക്കുമെതിരേ ഗുരുതര ആരോപണങ്ങളുണ്ട്. തട്ടിപ്പിൽ ടി. വീണ പ്രധാന പങ്ക് വഹിച്ചുവെന്നും, സിഎംആർഎൽ എം.ഡി ശശിധരൻ കര്‍ത്തയുടെ അറിവോടെയാണ് ഇടപാട് നടന്നതെന്നും കുറ്റപത്രം വ്യക്തമാക്കുന്നു. പ്രവർത്തനമില്ലാത്ത കൺസൾട്ടിംഗ് സ്ഥാപനമായ എക്സാലോജിക്കാണ് സിഎംആർഎൽ പണമിടപാട് നടത്തിയതെന്നും, പ്രതിമാസം മൂന്ന് ലക്ഷം രൂപയ്ക്കുപുറമേ അഞ്ചുലക്ഷം രൂപ കൂടി കൈമാറിയതായും കുറ്റപത്രത്തിൽ പറയുന്നു.
എക്സാലോജിക്കിന് പ്രതിമാസം 3 ലക്ഷം രൂപയും ടി. വീണയ്ക്കും കമ്പനിയുമായി ബന്ധപ്പെട്ടും 5 ലക്ഷം രൂപ വീതം നല്‍കിയതായും കണ്ടെത്തലിലുണ്ട്.
ഇതേ തുടർന്നാണ് സിഎംആർഎൽ ഡൽഹി ഹൈക്കോടതിയെ സമീപിച്ച് എസ്എഫ്ഐഒയുടെ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയുള്ള തുടർ നടപടികൾ തടയണമെന്ന് ആവശ്യപ്പെട്ടത്, കോടതി അതിന് താത്കാലിക അനുമതി നൽകുകയും ചെയ്തു.