
തിരുവനന്തപുരം:തൊഴിലാളി വിരുദ്ധവും ജനവിരുദ്ധവും ആയ കേന്ദ്ര സർക്കാരിന്റെ നയങ്ങളോട് പ്രതിഷേധിച്ച് രാജ്യത്തുടനീളമുള്ള സംയുക്ത തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് തുടരുന്നു. ചൊവ്വാഴ്ച അർധരാത്രിയോടെ ആരംഭിച്ച 24 മണിക്കൂർ പണിമുടക്കിൽ ഏകദേശം 25 കോടിയോളം തൊഴിലാളികൾ പങ്കെടുപ്പുമെന്നാണു യൂണിയനുകളുടെ കണക്കുകൾ.National strike: Protests by labor unions are strong
രാജ്യത്തെ 10 പ്രധാന തൊഴിലാളി സംഘടനകൾ — ബിഎംഎസ് ഒഴികെ — ചേർന്നാണ് പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. തൊഴിലാളികളുടെ അവകാശങ്ങൾ കെടുത്തുന്ന പുതിയ തൊഴിൽ നിയമങ്ങൾ റദ്ദാക്കണമെന്നതും, തൊഴിൽ–സാമൂഹ്യസുരക്ഷയും, മെച്ചപ്പെട്ട വേതനവും ആനുകൂല്യങ്ങളും ഉറപ്പാക്കണമെന്നതുമാണ് പ്രധാന ആവശ്യങ്ങൾ. കേന്ദ്രസർക്കാർ ഈ ആവശ്യങ്ങൾ അവഗണിച്ചതിനാലാണ് സമരത്തിലേക്ക് യൂനിയനുകൾ നീങ്ങിയത്.
സിഐടിയു, ഐഎൻടിയുസി, എഐടിയുസി, എച്ച്എംഎസ്, എസ്ഇഡബ്ല്യൂഎ, എൽപിഎഫ്, യുടിയുസി തുടങ്ങിയ സംഘടനകളാണ് സംയുക്തമായി സമരം മുന്നോട്ടുവയ്ക്കുന്നത്. ഇതോടൊപ്പം സംയുക്തകിസാൻ മോർച്ച, റൂറൽ വർക്കർ യൂണിയൻ, റെയിൽവേ, എൻഎംഡിസി ലിമിറ്റഡ്, സ്റ്റീൽ വ്യവസായം തുടങ്ങി വിവിധ പൊതുമേഖലാ തൊഴിലാളി വിഭാഗങ്ങളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
പാർലമെന്റിൽ പാസാക്കിയ നാലു പുതിയ തൊഴിൽ നിയമങ്ങൾ തൊഴിലാളി സംഘടനകളുടെ കടുത്ത എതിര്പ്പിന് വിധേയമാണ്. ഈ നിയമങ്ങൾ തൊഴിലാളി യൂണിയനുകൾ ഇല്ലാതാക്കുകയും, ജോലി സമയം വർധിപ്പിക്കുകയും, നിയമ ലംഘനങ്ങൾക്ക് ഉത്തരവാദികളായ തൊഴിലുടമകളെ പിഴകൾ നിന്നു രക്ഷപ്പെടുത്തുകയും, തൊഴിലാളികളുടെ അവകാശങ്ങൾ ദുർബലപ്പെടുത്തുകയും ചെയ്യുന്നതാണെന്ന് സംഘടനകൾ ആരോപിക്കുന്നു.
പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം, ജോലികൾക്ക് പുറംകരാർ നൽകുന്നത്, കരാർ തൊഴിലാളികളെ നിയമിക്കുന്നത് തുടങ്ങിയതും തൊഴിലാളി സുരക്ഷക്കും ന്യായമായ വേതനത്തിനും ഭീഷണിയായിരിക്കുകയാണ്.
ഗതാഗതം, ഇൻഷുറൻസ്, റെയിൽവേ, തപാൽ, പ്രതിരോധം, ഖനി, നിർമാണം, ബാങ്കിങ്, വൈദ്യുതി, ഉരുക്ക്, ടെലികോം തുടങ്ങിയ മേഖലകളിലെ തൊഴിലാളികളും ഈ പണിമുടക്കിൽ സജീവമായി പങ്കെടുത്തിട്ടുണ്ട്. സർക്കാർ ജീവനക്കാർ, ആശ വർക്കർമാർ, അങ്കണവാടി ജീവനക്കാർ, ഉച്ചഭക്ഷണ തൊഴിലാളികൾ, ചെറുകിട വ്യാപാരികൾ, ഓട്ടോ–ടാക്സി ഡ്രൈവർമാർ, ബീഡി തൊഴിലാളികൾ എന്നിവരും സമരത്തിൽ അണിചേർന്നിട്ടുണ്ട്.