ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഗൗരികുണ്ഡിൽ ഇന്ന് പുലർച്ചെ ഉണ്ടായ ഹെലികോപ്റ്റർ ദുരന്തത്തിൽ ഒരു കുട്ടിയടക്കം ഏഴ് പേർ ദാരുണമായി മരിച്ചു. പൈലറ്റും ഉൾപ്പെടെ ഹെലികോപ്റ്ററിലുണ്ടായിരുന്ന മുഴുവൻ പേരുടെയും മരണം സ്ഥിരീകരിച്ചതായി പി.ടി.ഐയും മറ്റ് ദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.
ഡെറാഡൂണിൽ നിന്നു കേദാർനാഥിലേക്കുള്ള തീർത്ഥ യാത്രക്കായി പുറപ്പെട്ട ഹെലികോപ്റ്ററാണ് അപകടത്തിൽ പെട്ടത്. മോശം കാലാവസ്ഥയും സാങ്കേതിക തകരാറുമാണ് അപകടകാരണമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഗൗരികുണ്ഡിനും സോൻപ്രയാഗിനും ഇടയിൽ ഹെലികോപ്റ്റർ കാണാതായതിനെ തുടർന്ന് തിരച്ചിൽ ആരംഭിച്ചിരുന്നു. തുടര്‍ന്ന് അതിനോട് അനുബന്ധിച്ചാണ് തകർന്ന നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ 5:20ന് അപകടം നടന്നതാണെന്ന് ഉത്തരാഖണ്ഡ് സിവിൽ എവിയേഷൻ ഡെവലപ്മെന്റ് അതോറിറ്റി (UCADA) അറിയിച്ചു.
മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നുള്ള തീർത്ഥാടകരാണ് മരിച്ചത്. രക്ഷാപ്രവർത്തനത്തിനായി എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങൾ അപകടസ്ഥലത്തെത്തിയിട്ടുണ്ട്. യാത്ര ആരംഭിച്ച ശേഷം പത്തു മിനിറ്റിനുള്ളിൽ തന്നെ ഹെലികോപ്റ്റർ തകര്‍ന്നുവീഴുകയായിരുന്നു.
സംഭവത്തിൽ അതീവ ദുഃഖം പ്രകടിപ്പിച്ച മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി, രക്ഷാപ്രവർത്തനം ശക്തമാക്കിയതായി വ്യക്തമാക്കി. മെയ് 2ന് കേദാർനാഥ് ക്ഷേത്രം തുറന്നതിനുശേഷം ഇത് അഞ്ചാമത്തെ ഹെലികോപ്റ്റർ അപകടമാണെന്നും അദ്ദേഹം അറിയിച്ചു.
