ഇറാനെതിരെ ഇസ്രായേല്‍ സൈനികമായി മുന്നേറ്റം നടത്തി. വെള്ളിയാഴ്ച പുലര്‍ച്ചെ ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിന്റെ വടക്കുകിഴക്ക് ഭാഗത്ത് ശക്തമായ സ്ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മേഖലയില്‍ വലിയ സംഘര്‍ഷം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയതിന്റെ പിന്നാലെയാണ് ആക്രമണം.
ഇസ്രായേല്‍ ആക്രമണം ഇറാനിലെ ആണവ നിലയങ്ങളും സൈനിക കേന്ദ്രങ്ങളുമാണ് പ്രധാനമായും ലക്ഷ്യമാക്കിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംഭവത്തിന് പിന്നാലെ ഇസ്രായേല്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇറാന് ശക്തമായ തിരിച്ചടിയ്ക്ക് ഒരുങ്ങുന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനം.
ഇത് മുന്‍കരുതല്‍ നടപടിയായിരുന്നുവെന്ന് ഇസ്രായേല്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ് വ്യക്തമാക്കി. അടുത്തിടെ ഇറാനില്‍ നിന്നുള്ള ഡ്രോണും മിസൈലും ഉപയോഗിച്ചുള്ള ആക്രമണ സാധ്യതയെ തുടര്‍ന്നാണ് ഈ നടപടിയെന്ന് അദ്ദേഹം പറഞ്ഞു. വ്യോമാക്രമണങ്ങള്‍ തുടരുന്നതിനിടെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സുരക്ഷാ മന്ത്രിസഭയുടെ അടിയന്തര യോഗം ചേര്‍ത്തു.
ഇസ്രായേല്‍ ഇപ്പോഴത്തെ ഘട്ടം ചരിത്രപരമാണെന്ന് നെതന്യാഹു വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. ഇറാനിലെ വിവിധ കേന്ദ്രങ്ങള്‍ പൈലറ്റുമാര്‍ ലക്ഷ്യമിടുന്നുണ്ടെന്നും ആണവ പദ്ധതികളും ബാലിസ്റ്റിക് മിസൈല്‍ കേന്ദ്രങ്ങളും നശിപ്പിക്കുക എന്നതാണ് ദൗത്യമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ഥിതിഗതികള്‍ വഷളാകുന്നതിനാല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കാബിനറ്റ് തല യോഗം ചേര്‍ക്കുന്നുണ്ടെന്നും സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രായേലിലെ ഹോം ഫ്രണ്ട് കമാന്‍ഡ് ജനങ്ങള്‍ക്ക് സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്, ഭീഷണി നിലനില്‍ക്കുന്നതിനാല്‍ പൊതുജനങ്ങള്‍ സംരക്ഷിത സ്ഥലങ്ങളില്‍ തന്നെ തുടരണമെന്ന് ആഹ്വാനമുണ്ട്.
