ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിലെ സഖ്യം സംബന്ധിച്ച് മറ്റു പാർട്ടികളുടെ നേതാക്കളുമായി അന്തിമ ചർച്ച നടത്താൻ കേന്ദ്രമന്ത്രി അമിത് ഷാ ചെന്നൈയിലെത്തി. ഇന്ന് ഗിണ്ടിയിലെ സ്വകാര്യ ഹോട്ടലിൽ നടത്തുന്ന നിർണായക യോഗങ്ങളിൽ അണ്ണാഡിഎംകെ ഉൾപ്പെടെയുള്ള പാർട്ടികളുടെ നേതാക്കളുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തും. തുടർന്ന് ഉച്ചയ്ക്ക് മാധ്യമങ്ങളെ കണ്ട് മുന്നണി പ്രഖ്യാപനം നടത്തുമെന്നാണു വിവരം. അതിനിടെ, ബിജെപിക്ക് പുതിയ സംസ്ഥാന അധ്യക്ഷനെ കണ്ടെത്താനുള്ള നടപടികളും തുടങ്ങികഴിഞ്ഞു.
നാളെ നടക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി അധ്യക്ഷ സ്ഥാനത്തേക്ക് അപേക്ഷ ക്ഷണിച്ച് വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. പുതിയ അധ്യക്ഷനുമായി ബന്ധപ്പെട്ട്, അണ്ണാഡിഎംകെയുമായി സമവായമുണ്ടാക്കാനും ഷാ ലക്ഷ്യമിടുന്നുണ്ട്. നിലവിലെ അധ്യക്ഷനായ കെ.അണ്ണാമലൈയുമായി അണ്ണാഡിഎംകെ നേതൃത്വത്തിനുള്ള അകൽച്ച കണക്കിലെടുത്താണ് നീക്കം. അതേസമയം, അധ്യക്ഷ സ്ഥാനത്തേക്ക് അപേക്ഷ ക്ഷണിച്ചുള്ള വിജ്ഞാപനത്തിൽ കുറഞ്ഞത് 10 വർഷമെങ്കിലും ബിജെപി പ്രവർത്തകനായിരിക്കണമെന്ന നിബന്ധന ഉൾപ്പെടുത്തിയിട്ടുണ്ട്.2017ൽ പാർട്ടിയിലെത്തി മത്സരരംഗത്ത് സജീവമായ നൈനാർ നാഗേന്ദ്രൻ എംഎൽഎ ഉൾപ്പെടെ പലരും അയോഗ്യരാകുമെന്നാണ് വിവരം. നിബന്ധന വിവാദമായതോടെ, പാർട്ടി കേന്ദ്ര നേതൃത്വത്തിന്റെ അനുമതിയോടെ അതിൽ ഇളവ് നൽകാനും സാധ്യതയുണ്ട്. എന്നാൽ, അണ്ണാഡിഎംകെ വിട്ട് ബിജെപിയിലെത്തിയ നൈനാറിനെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നതിൽ ആർഎസ്എസിന് താൽപര്യമില്ലെന്നാണ് സൂചന. യുവനേതാവായ അനന്തൻ അയ്യാസ്വാമി, കറുപ്പ് എം.മുരുകാനന്ദം എന്നിവരുടെ പേരും പരിഗണനാ പട്ടികയിലുണ്ട്
