ബിഷപ്പുമാർ വഖഫ് ബില്ലിനെ പിന്തുണക്കാൻ ആവേശം കാണിച്ചെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ബി.ജെ.പി ആട്ടിൻതോലണിഞ്ഞ ചെന്നായയാണെന്ന് ബിഷപ്പുമാർക്ക് മനസിലാകുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
ക്രൈസ്തവർ ആ.എസ്.എസിന്റെ പ്രഖ്യാപിത ശത്രുവാണെന്ന് നാം തിരിച്ചറിയണം. രാജ്യത്തെ വൈദികർക്കെതിരായി നടന്ന അതിക്രമം കൃത്യമായ സൂചനയാണ്. ആർ.എസ്.എസിന്റെ മുഖമായ ഓർഗനൈസർ തുടർച്ചയായി ക്രൈസ്തവരെ ലക്ഷ്യമിട്ടുകൊണ്ട് ലേഖനം എഴുതുന്നത് കാണുന്നില്ലെ എന്ന അദ്ദേഹം ചോദിച്ചു. ഒരു ഭൂമിയും ആർക്കും വിട്ടുകൊടുക്കാൻ ആർ.എസ്.എസ് തയ്യാറയല്ല. ബി.ജെ.പിയുടെ കള്ളച്ചിരിയിൽ ചിലർ വീണുപോയിട്ടുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.
മലപ്പുറം ജില്ലയെ കുറിച്ച് വെള്ളാപ്പള്ളി നടത്തിയ വിവാദ പ്രസ്താവനക്കെതിരെയും ബിനോയ് വിശ്വം പ്രതികരിച്ചു. ബി.ജെ.പിക്ക് ഉപയോഗിക്കാൻ പറ്റുന്ന പ്രസ്താവന വെള്ളാപ്പള്ളി നടത്താൻ പാടില്ലായിരുന്നു. പ്രസ്താവന ശ്രീനാരായണ ധർമ്മങ്ങളുടെ പരിധിക്ക് അകത്തു നിൽക്കുന്നതല്ല. ശ്രീനാരായണ ഗുരു വർഗീയ ഭ്രാന്തിന്റെ കൂടെ ഒരിക്കലും നിൽക്കില്ല. ബി.ജെ.പി രാഷ്ട്രീയത്തെ വെള്ളപൂശാൻ ഇതുകൊണ്ടൊന്നും കഴിയില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു
