
സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം വീണ്ടും മെനിഞ്ചൈറ്റിസ് റിപ്പോർട്ട് ചെയ്തിരിക്കുന്നു. എറണാകുളം ജില്ലയിൽ അഞ്ചോളം കുട്ടികൾക്കാണ് കഴിഞ്ഞദിവസം മെനിഞ്ചൈറ്റിസ് സ്ഥിരീകരിച്ചത്. എങ്കിലും നമുക്ക് പലർക്കും മെനിഞ്ചൈറ്റിസിനെ കുറിച്ച് അധികം അറിവില്ല. മെനിഞ്ചൈറ്റിസ് എന്താണെന്നും എങ്ങനെ തടയാമെന്നും നോക്കാം.
മെനിഞ്ചൈറ്റിസ്
മെനിഞ്ചൈറ്റിസ് എന്നത് തലച്ചോറിനെയും നാഡിയെയും മൂടുന്ന മെനിഞ്ചസ് എന്ന ചർമ്മത്തെ ബാധിക്കുന്ന ഒരു ഗുരുതരമായ അണുബാധയാണ്. മെനിഞ്ചൈറ്റിസ് സാധാരണയായി ബാക്ടീരിയ അണുബാധ മൂലമാണ് ഉണ്ടാകുന്നത്. പക്ഷേ വൈറൽ അല്ലെങ്കിൽ ഫംഗസ് അണുബാധയും ഉണ്ടാകാം. ചിലതരം മെനിഞ്ചൈറ്റിസ് തടയാൻ വാക്സിനുകൾക്ക് കഴിയും.അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് അപകടസാധ്യത കൂടുതലാണ്. കൂടാതെ, ഒരു മാസത്തിൽ താഴെയുള്ള കുഞ്ഞുങ്ങൾക്ക് രോഗം ബാധിക്കാനുള്ള സാധ്യത ഏറെയാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ദുർബലമായ രോഗപ്രതിരോധശേഷിയുള്ള ആളുകൾക്കും വൈറൽ മെനിഞ്ചൈറ്റിസ് പിടിപെടാനുള്ള സാധ്യത കൂടുതലാണ്. തലവേദന, ഓക്കാനം, ആശയക്കുഴപ്പം, പനി, കഴുത്ത് വേദന എന്നിവയാണ് പ്രധാനപ്പെട്ട ലക്ഷണങ്ങൾ.
തടയാനുള്ള വഴികൾ
കൈകൾ ഇടയ്ക്കിടെ കഴുകുക, പ്രത്യേകിച്ച് ഡയപ്പറുകൾ മാറ്റിയതിനുശേഷം അല്ലെങ്കിൽ ടോയ്ലറ്റ് ഉപയോഗിച്ചതിന് ശേഷം.
രോഗികളായ ആളുകളുമായി സ്പർശിക്കുക, ഹസ്തദാന ചെയ്യുന്നത് എന്നിവ ഒഴിവാക്കുക.
പതിവായി സ്പർശിക്കുന്ന പ്രതലങ്ങൾ വൃത്തിയാക്കി അണുവിമുക്തമാക്കുക.
അസുഖമുള്ളപ്പോൾ വീട്ടിൽ തന്നെ തുടരുക. അസുഖമുള്ള കുട്ടികളെ സ്കൂളിൽ വിടാതിരിക്കുക.
കൊതുകുകളുടെയും മറ്റ് പ്രാണികളുടെയും കടി ഒഴിവാക്കുക.