എല്ലാ വർഷവും മാർച്ച് 3ന് ലോക കേൾവി ദിനമായി ആചരിക്കുകയാണ്. അവബോധം വളർത്താനും സുരക്ഷിതമായ കേൾവി പ്രോത്സാഹിപ്പിക്കാനും സർക്കാരുകളോടും വ്യവസായ പങ്കാളികളോടും പൊതുജനങ്ങളോടും ലോകാരോഗ്യ സംഘടന ആവശ്യപ്പെടുന്നു. 2007ലാണ്
WHO ആദ്യമായി ലോക ശ്രവണ ദിനം അംഗീകരിച്ചത്. 2016-ൽ WHO ഔദ്യോഗികമായി ലോക ശ്രവണ ദിനം എന്ന് നാമകരണം ചെയ്തു. അവബോധം പ്രചരിപ്പിക്കുന്നതിലൂടെയും പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും, കേൾവി നഷ്ടത്തിൻ്റെ ആഘാതം കുറയ്ക്കുന്നതിനും മറ്റുമായി ലോക ശ്രവണ ദിനം ലക്ഷ്യമിടുന്നു. ‘മാറുന്ന ചിന്താഗതികൾ: എല്ലാവർക്കും ചെവിയും ശ്രവണ പരിചരണവും ഒരു യാഥാർത്ഥ്യമാക്കാൻ സ്വയം പ്രാപ്തരാക്കുക!’ എന്നതാണ് ഈ വർഷത്തെ ലോക കേൾവി ദിനത്തിന്റെ പ്രമേയം.
ഇയർ ഫോൺ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…

ഇയർഫോൺ ആണെങ്കിലും ഹെഡ്ഫോണാണെങ്കിലും അമിതശബ്ദത്തിൽ ഉപയോഗിക്കുന്നത് പലപ്പോഴും ചെവി തകരാറാകുന്നതിന്
കാരണമാകാറുണ്ട്. 90 ഡെസിബെൽ അല്ലെങ്കിൽ 100 ഡിബി ശബ്ദ തീവ്രതയോടെ ദീർഘനേരം ഇയർ ഫോണുകൾ ഉപയോഗിക്കുന്ന ആളുകൾക്ക് ശ്രവണ വൈകല്യത്തിനുള്ള സാധ്യത കൂടുതലാണ്. ഇയർഫോണുകൾ പരമാവധി ശബ്ദത്തിന്റെ 60 ശതമാനംവരെ മാത്രമേ ഉപയോഗിക്കാവൂ. ഇയർഫോണുകൾ പതിവായി വൃത്തിയാക്കുക. ഇയർഫോൺ ഉപയോഗം ചെവിയുടെ കാനലില് ഉയർന്ന താപനിലയും ഈർപ്പവും ഉണ്ടാക്കും. ഇത് ബാക്ടീരിയയ്ക്കും ഫംഗസിനും അനുയോജ്യമായ പ്രജനന കേന്ദ്രമാണ്. പുറം ചെവി അണുബാധയ്ക്ക് കാരണമാകും. മൃദുവായ ഇയർബഡുകളുള്ള ഇയർഫോൺ തിരഞ്ഞെടുക്കുന്നത് അണുബാധയ്ക്കുള്ള സാധ്യത ഒരു പരിധി വരെ കുറയ്ക്കുംഗുണനിലവാരമുള്ള ഇയർഫോണുകൾ മാത്രം ഉപയോഗിക്കുക.
ദിവസവും ഒരുമണിക്കൂറിൽ കൂടുതൽ ഇയർഫോൺ ഉപയോഗിക്കരുത്. ശബ്ദംകുറഞ്ഞ അളവിലാണെങ്കിലും ദീർഘനേരം ഉപയോഗിക്കുന്നതും കേൾവിക്കുറവിന് കാരണമാകും. അഞ്ചും ആറും മണിക്കൂർ തുടർച്ചയായി ഇയർ ഫോൺ ഉപയോഗിക്കുന്നതും കേൾവിക്കുറവിന് കാരണമാകുന്നു.
കേൾവിക്കുറവ് പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ…
ചെവികൾ വൃത്തിയായി സൂക്ഷിക്കുക. പൊടി, വെള്ളം, മെഴുക് എന്നിവ ചെവിയിൽ അടിഞ്ഞുകൂടാൻ അനുവദിക്കാതിരിക്കുക. തീപ്പെട്ടി, പെൻസിൽ, ഹെയർപിന്നുകൾ തുടങ്ങിയ മൂർച്ചയുള്ള വസ്തുക്കൾ ചെവിയിൽ ഇടരുത്. അവ മൂലം ചെവിയ്ക്കുള്ളിലെ കാനലിൽ പരിക്കേൽപ്പിക്കാനുള്ള സാധ്യത കൂടുതലാണ്.
