തിരുവനന്തപുരം: തിരുവനന്തപുരം പാറ്റൂരിൽ വൃഷണാര്‍ബുദ അതിജീവിതന് ബീജശീതീകരണവും തുടര്‍ന്നുള്ള ഐവിഎഫ് ചികിത്സയും വഴി കുഞ്ഞ് ജനിച്ചു. സമദ് ഐവിഎഫ് ആശുപത്രിയിലാണ് 2025 ജനുവരി എട്ടിന് രാവിലെയാണ് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ദമ്പതികള്‍ക്ക് സിസേറിയന് വഴി ആണ്‍കുഞ്ഞ് ജനിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു.
വൃഷണാര്‍ബുദത്തിന് പല സ്ഥലങ്ങളില്‍ ചികിത്സതേടിയ ശേഷം 2016 ൽ ആർസിസിയില്‍ ചികിത്സക്കെത്തിയ കൗമാരക്കാരനാണ് പില്ക്കാലത്ത് വിവാഹിതനായി ഐവിഎഫ് ചികിത്സയിലൂടെ പിതാവായത്. 2016 ല്‍ അണു ചികിത്സ തുടങ്ങുന്നതിനു തൊട്ടു മുമ്പ് ബീജം ശീതീകരിച്ചു സൂക്ഷിക്കുന്നതിനും ഭാവിയില്‍ ഐവിഎഫ് ചികിത്സ വഴി കുഞ്ഞെന്ന സ്വപ്നം ഉറപ്പു വരുത്തുന്നതിനും സമദ് ആശുപത്രിയിലെ ഡോക്ടര്‍മാരെ സമീപിച്ചിരുന്നു. തുടര്‍ന്ന് അര്‍ബുദചികിത്സയുടെ ഭാഗമായി ശസ്ത്രക്രിയയും കീമോതെറാപ്പിയും ആർസിസിയില്‍ പൂര്‍ത്തീകരിച്ചു. രോഗത്തെ അതിജീവിച്ചശേഷം വിവാഹിതനാവുകയും ശീതികരിച്ച് സൂക്ഷിച്ച ബീജം ഉപയോഗിച്ച് ഐവിഎഫ് ചികിത്സയിലൂടെ സ്വന്തം കുഞ്ഞെന്ന സ്വപ്നം സഫലീകരിക്കുകയുമായിരുന്നു.
2000 ലാണ് തെക്കന്‍ കേരളത്തിലെ ആദ്യത്തെ ടെസ്റ്റ്ട്യൂബ് ശിശുവിന്റെ ജനനം സമദ് ആശുപത്രിയില്‍ നടക്കുന്നത്. ലോകത്തിലെ മൂന്നാമത്തെ ഏറ്റവും പ്രായം കൂടിയ അമ്മയ്ക്ക് (2002) ഐവിഎഫ് ചികിത്സ വഴി കുഞ്ഞ് ജനിച്ചതും ഇവിടെയാണ്.
അര്‍ബുദ ചികിത്സയുടെ ഭാഗമായി ഉള്ള കീമോ തെറാപ്പി, റേഡിയോതെറാപ്പി എന്നീ ചികിത്സാ രീതികള്‍ ബീജം, അണ്ഡം പോലെയുള്ള കോശങ്ങളെ പൂര്‍ണമായും നശിപ്പിച്ചേക്കാം. അതിനാല്‍, അത്തരം സാഹചര്യങ്ങളില്‍ അര്‍ബുദ ചികിത്സ തുടങ്ങുന്നതിനു മുമ്പേ ബീജം അല്ലെങ്കില്‍ അണ്ഡം പുറത്തെടുത്തു ശീതീകരിച്ച് സൂക്ഷിച്ചുവെയ്ക്കുന്നത് ഉത്തമമായിരിക്കും. 2021ല്‍ വന്ന പുതിയ നിയമമനുസരിച്ച് 10 വര്‍ഷം വരെ ഇത്തരത്തില്‍ ബീജം സൂക്ഷിക്കാം മാത്രമല്ല നാഷണല്‍ ബോര്‍ഡിന്റെ അനുവാദത്തോടെ അതില്‍ കൂടുതല്‍ നാളും സൂക്ഷിക്കുക സാദ്ധ്യമാണ്. കാന്‍സര്‍ രോഗികളായ ചെറുപ്പക്കാര്‍ക്ക് ഇതിനെകുറിച്ച് അവബോധം സൃഷ്ടിക്കാന്‍ ചികിത്സകർ ശ്രദ്ധിക്കണമെന്നും ആശുപത്രി അധികൃതർ ഓർമ്മിപ്പിച്ചു.
