
മലപ്പുറം: ആതവനാട് ഗവൺമെന്റ് ഹൈസ്കൂളിൽ ചിക്കൻപോക്സ് വ്യാപനം ശക്തമാകുന്നു. ഇതുവരെ 57 വിദ്യാർത്ഥികൾക്ക് രോഗം സ്ഥിരീകരിച്ചു. രോഗവ്യാപനം തടയുന്നതിനായി എൽ.പി., യു.പി. വിഭാഗങ്ങൾ ഒരാഴ്ചത്തേക്ക് അടച്ചിടാൻ തീരുമാനിച്ചു. ഹൈസ്കൂൾ ക്ലാസുകൾ ആരോഗ്യ വകുപ്പിന്റെ കർശന മാർഗ്ഗനിർദേശങ്ങൾ പാലിച്ചാകും തുടരുക.Chickenpox in Athavanad school; 57 students fall ill
പനി അല്ലെങ്കിൽ രോഗലക്ഷണങ്ങൾ ഉള്ള വിദ്യാർത്ഥികൾ സ്കൂളിൽ എത്താതെ വീട്ടിൽ തന്നെ കഴിയണമെന്ന് നിർദേശിച്ചിട്ടുണ്ട്. സ്കൂളിലെത്തുന്ന വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ നിർബന്ധമായും മാസ്ക് ധരിക്കണമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
ചിക്കൻപോക്സിന്റെ ലക്ഷണങ്ങൾ
* ചൊറിച്ചിൽ ഉളവാക്കുന്ന തടിപ്പുകൾ പിന്നീട് ദ്രാവകം നിറഞ്ഞ കുമിളകളായി രൂപപ്പെടുന്നു. ഇവ പിന്നീട് പൊറ്റകളായി മാറും.
* ആദ്യഘട്ടത്തിൽ മുഖത്തും പുറത്തും നെഞ്ചിലുമായിരിക്കും കുമിളകൾ പ്രത്യക്ഷപ്പെടുക. പിന്നീടത് ശരീരമാസകലം ബാധിച്ചേക്കാം.
* ക്ഷീണം, കടുത്ത പനി, തലവേദന, വിശപ്പില്ലായ്മ, ചുവപ്പ് അല്ലെങ്കിൽ പിങ്ക് നിറത്തിലുള്ള കുമിളകൾ എന്നിവയാണ് ഈ രോഗത്തിന്റെ മറ്റു ലക്ഷണങ്ങൾ.
* ചിക്കൻപോക്സ് ഉണ്ടെങ്കിൽ മറ്റുള്ളവരിൽ നിന്ന് അകന്ന് കഴിയുക. ഇത് അണുബാധ പകരാതിരിക്കാൻ സഹായിക്കും.
* ചിക്കൻപോക്സ് ബാധിച്ചവർ ഉപയോഗിച്ച വസ്ത്രങ്ങൾ, കിടക്കവിരി, പാത്രങ്ങൾ എന്നീ നിത്യോപയോഗ വസ്തുക്കൾ മറ്റൊരാൾ ഉപയോഗിക്കാതിരിക്കുക.
* കുട്ടികൾക്ക് ചിക്കൻപോക്സ് ഉണ്ടെങ്കിൽ പൊറ്റകൾ കൊഴിഞ്ഞുപോകുന്നതുവരെ സ്കൂളിൽ വിടാതിരിക്കുക.
* പരീക്ഷ എഴുതുന്ന ചിക്കൻപോക്സ് ബാധിച്ച കുട്ടികൾക്ക് വായുസഞ്ചാരമുള്ളതുമായ പ്രത്യേക മുറി സജ്ജീകരിക്കണം.
* ചിക്കൻപോക്സ് ബാധിച്ച കുട്ടികൾ പൊതുഗതാഗതം ഉപയോഗിക്കരുത്.