
ഹാരി റൈറ്റ്സ്
എം എസ് സുബ്ബലക്ഷ്മിയുടെ സംഗീതജീവിതത്തിലൂടെ
എഡി ആറാം നൂറ്റാണ്ടില്‍ ആരംഭിച്ചു എന്ന് കരുതപ്പെടുന്ന ദേവദാസീ സമ്പ്രദായം ഇന്ത്യയിലെ പലഭാഗത്തും ഇന്നും ശക്തമായി നിലനില്ക്കുന്നു. ആര്‍ത്തവാരംഭത്തോടെ പെണ്‍കുട്ടികളെ ദേവന്മാര്ക്ക് സമര്‍പ്പിക്കുന്നതാണ് ദേവദാസി സമ്പ്രദായം. ദേവന്മാര്ക്ക് സമര്‍പ്പിക്കപ്പെടുന്നതിന് മുന്‍പായി സംഗീതം, നൃത്തം തുടങ്ങിയ വിവിധകലകളില്‍ പെണ്‍കുട്ടികള്‍ക്ക് പരിശീലനം നല്‍കും. തുടക്കകാലത്ത് പുണ്യമായി കരുതിയിരുന്ന ദേവദാസി സമ്പ്രദായം പിന്നീട് ക്ഷേത്രബ്രാഹ്മണരുടേയും സമ്പന്നരുടേയും ലൈംഗികതൃഷ്ണ ശമിപ്പിക്കാനുള്ള സാമൂഹ്യവ്യവസ്ഥയായി അധപതിച്ചു. 1924 ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ദേവദാസി സമ്പ്രദായം നിയമം മൂലം നിരോധിച്ചെങ്കിലും ഫലം കണ്ടില്ല. പിന്നീട് സ്വതന്ത്ര ഇന്ത്യയില്‍ ദേശീയതലത്തിലും സംസ്ഥാന തലത്തിലും ദേവദാസീ സമ്പ്രദായം നിരോധിച്ചുകൊണ്ട് നിരവധി നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നെങ്കിലും ഒരു പരിധിവരെ മാത്രമേ നിയന്ത്രിക്കാനായിട്ടുള്ളൂ. നൂറ്റാണ്ടുകളായി നിലനിന്നുവന്ന ദേവദാസി സമ്പ്രദായം അതിനകം തന്നെ വിശ്വാസത്തിന്റെ ഭാഗമായി കഴിഞ്ഞിരുന്നു എന്നതാണ് കാരണം.
എം എസ് സുബ്ബലക്ഷ്മിയുടെ അമ്മ ഷണ്മുഖവടിവ് കീഴ് ജാതിയില്‍ പെട്ട ദേവദാസിയായിരുന്നു. ദേവദാസികള്‍ തിങ്ങിപ്പാര്‍ത്തിരുന്ന തമിഴ്നാട്ടിലെ മധുര ഹനുമന്ദരായ തെരുവിലെ കുടുസുമുറിയിലാണ് ഷണ്മുഖവടിവും മക്കളും താമസിച്ചിരുന്നത്. 1916 സെപ്തംബര്‍ 16 നായിരുന്നു എം എസ് സുബ്ബലക്ഷ്മിയുടെ ജനനം. കുഞ്ഞമ്മ എന്നായിരുന്നു വിളിപ്പേര്. സുബ്ബലക്ഷ്മിയെക്കൂടാതെ ശക്തിവേല്‍ എന്ന മകനും, വടിവംബാള് എന്ന മകളും അടങ്ങുന്നതായിരുന്നു ഷണ്മുഖവടിവിന്റെ കുടുംബം. ശക്തിവേല്‍ പില്ക്കാലത്ത് മൃദംഗത്തില്‍ പ്രാവീണ്യം നേടി. വടിവംബാള് ബാല്യത്തില്‍ മരിച്ചു.
ബാല്യകാലത്ത് തന്നെ സുബ്ബലക്ഷ്മിക്ക് സംഗീതത്തോട് തീവ്രമായ ആരാധനയും സ്നേഹവുമായിരുന്നു. ഷണ്മുഖവടിവിന്റെ അമ്മ, അതായത് സുബ്ബലക്ഷ്മിയുടെ മുത്തശ്ശി, അക്കാമ്മാള് ഭേദപ്പെട്ട നിലയില്‍ വയലിന് വായിക്കുമായിരുന്നു. ഷണ്മുഖവടിവിനാകട്ടെ വീണവാദനവും അറിയാമായിരുന്നു. മുത്തശ്ശിയുടെ വയലിന്‍വാദനം, അമ്മയുടെ വീണാവാദനം, ക്ഷേത്രങ്ങളിലെ നാദസ്വരം, മധുര തെരുവുകളിലെ കടകളില്‍ നിന്നും അയല്‍വീടുകളില്‍ നിന്നും കേട്ട റേഡിയോ ഗാനങ്ങള്‍, യാചകര്‍ പാടുന്ന പാട്ടുകള്‍ തുടങ്ങിയവായിരുന്നു കുട്ടിക്കാലത്ത് സുബ്ബലക്ഷ്മി കേട്ട സംഗീതം. അമ്മയായിരുന്നു ആദ്യഗുരു. ദേവദാസികള്‍ നൃത്തം, സംഗീതം തുടങ്ങിയ കലകളില്‍ അഗ്രഗണ്യരായിരിക്കണമെന്നാണല്ലോ നിയമം. അതുകൊണ്ട് തന്നെ ഷണ്മുഖവടിവും സംഗീതത്തിലും നൃത്തത്തിലും പ്രാവീണ്യം നേടിയിരുന്നു. ആര്‍ജിച്ച സംഗീതം മകള്‍ക്ക് പകര്‍ന്നുകൊടുക്കുകയും ചെയ്തു.
ഗര്‍ഭിണിയാകുന്നതോടെ ക്ഷേത്രങ്ങളില്‍ നിന്നും പുറന്തള്ളപ്പെടുന്ന ദേവദാസികളുടെ ജീവിതം യാതനാപൂര്‍ണമായിരുന്നു. ഭിക്ഷയെടുത്തും, ശരീരം വിറ്റുമാണ് അവര്‍ തുടര്‍ ജീവിതം നയിച്ചിരുന്നത്.
നിരവധി ബ്രാഹ്മണര്‍ പ്രാപിക്കുന്നതിനാല്‍ പിറക്കുന്ന കുഞ്ഞിന്റെ പിതാവാരാണെന്ന് മിക്കദേവദാസികള്ക്കും അറിവുണ്ടായിരുന്നില്ല. എം എസ് സുബ്ബലക്ഷ്മിയുടെ അമ്മ ഷണ്മുഖവടിവിന്റെ കാര്യവും ഭിന്നമായിരുന്നില്ല. മക്കളുടെ അച്ഛന് ആരാണെന്ന് ഷണ്മുഖവടിവിന് അറിയില്ലായിരുന്നു. ദേവദാസിയുടെ മകള്‍ ദേവദാസി മാത്രമേ ആകാവൂ എന്നായിരുന്നു അലിഖിത നിയമം. എന്നാല്‍ മധുരയിലെ മറ്റ് ദേവദാസികളില്‍ നിന്നും ഭിന്നമായി മകള്‍ക്ക് ഔപചാരിക വിദ്യാഭ്യാസം നല്കാന് ഷണ്മുഖവടിവ് തീരുമാനിച്ചു. മധുര സേതുപതി യു പി സ്കൂളിലാണ് ഷണ്മുഖവടിവ് മകളെ ചേര്‍ത്തത്. സ്കൂളിലെ രജിസ്റ്ററില്‍ അച്ഛന്റെ പേരെഴുതേണ്ട കോളം ഷണ്മുഖവടിവിന് പൂരിപ്പിക്കാനായില്ല. അച്ഛന്റെ പേരിന് പകരം സ്വന്തം പേരായ മധുരൈ ഷണ്മുഖവടിവ് എന്നാണ് നല്‍കിയത്. പില്ക്കാലത്ത് മധുരൈ ഷണ്മുഖവടിവ് എന്നതിന്റെ ചുരുക്കരൂപമായ എം എസ് എന്നത് സുബ്ബലക്ഷ്മിയുടെ ഇന്‍ഷ്യലായി മാറി. സുബ്ബലക്ഷ്മിയുടെ അച്ഛന് ആരാണ് എന്നതിനെ ചൊല്ലി രണ്ട് വാദഗതികളുണ്ട്. അഭിഭാഷകനായ സുബ്രഹ്മണ്യഅയ്യരാണെന്ന് ഒരുവിഭാഗം കരുതി. ഗായകനായ പുഷ്പവനം അയ്യരാണെന്ന മറ്റൊരു വാദമുണ്ടായി. എന്നാല്‍ സുബ്രഹ്മണ്യഅയ്യരാണ് സുബ്ബലക്ഷ്മിയുടെ പിതാവെന്ന് ഏറെക്കുറെ സ്ഥിരീകരിക്കുകയും അംഗീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. കുട്ടിക്കാലത്ത് തന്നെ സംഗീതത്തില്‍ അസാധ്യപ്രാവീണ്യം തെളിയിച്ച സുബ്ബലക്ഷ്മിയെ സേതുപതി സ്കൂളിലെ അധ്യാപകരും പ്രോത്സാഹിപ്പിച്ചിരുന്നു. അധ്യാപകര്‍ സുബ്ബലക്ഷ്മിയെ സ്കൂള്‍ കലോത്സവത്തില്‍ നിര്‍ബന്ധിച്ച് പാടിപ്പിച്ചു. അമ്മ പഠിപ്പിച്ച മറാഠി ഗാനമായിരുന്നു സുബ്ബലക്ഷ്മി ആദ്യമായി വേദിയില്‍ പാടിയത്. സേതുപതി സ്കൂളിലെ ആ ഗാനാലാപനമായിരുന്നു പില്ക്കാലത്ത് വേദികളില്‍ നിന്നും വേദികളിലേക്ക് ഓടി നടന്ന സുബ്ബലക്ഷ്മിയുടെ അരങ്ങേറ്റം.