
പുതിയ സർവ്വകാല ഉയരത്തിലെത്തി സംസ്ഥാനത്തെ സ്വർണ്ണ വില. ഇന്ന് ഒറ്റയടിക്ക് പവന് 840 രൂപയും, ഗ്രാമിന് 105 രൂപയുമാണ് വില വർധിച്ചത്. രാജ്യാന്തര സ്വർണ്ണ വ്യാപാരം പുതിയ ഉയരങ്ങളിലെത്തിയാണ് വ്യാപാരം തുടരുന്നത്. ഇന്ന് ഒരു പവന് 66,720 രൂപയും, ഗ്രാമിന് 8,340 രൂപയുമാണ് വില. ആഗോള സ്വർണ്ണ വ്യാപാരം വെള്ളിയാഴ്ച്ച മികച്ച നേട്ടത്തിലാണ് നടക്കുന്നത്. സർവ്വകാല ഉയരങ്ങൾ തിരുത്തിക്കൊണ്ട് ട്രോയ് ഔൺസിന് 23.65 ഡോളർ (0.78%) ഉയർന്ന് 3,073.56 ഡോളർ എന്നതാണ് നിരക്ക്. കേരളത്തിലെ വെള്ളി വിലയിൽ ഇന്ന് താഴ്ച്ചയുണ്ട്.
യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കാർ ഇറക്കുമതിക്ക് പുതിയ തീരുവ ചുമത്തിയതാണ് നിലവിൽ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണ്ണത്തിന്റെ ഡിമാൻഡ് വർധിപ്പിക്കുന്നത്. ട്രംപിന്റെ നയങ്ങൾ ആഗോള വ്യാപാര യുദ്ധം തീവ്രമാക്കുമെന്ന ഭീതി വിപണികളിൽ നിഴലിക്കുന്നു. യു.എസ് ഓഹരി വിപണികളിലും അനിശ്ചിതാവസ്ഥ തുടരുന്നത് ഫലത്തിൽ സ്വർണ്ണത്തിന് നേട്ടമായി മാറുകയാണ്.