തിരുവനന്തപുരം; സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസം പോലെ ഇന്നും സ്വർണവില ഉയർന്നു. ഇന്ന് 320 രൂപയാണ് ഉയർന്നത്. ഇന്നലെ 560 രൂപയുടെ വർദ്ധനവുണ്ടായിരുന്നു. ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വിപണി വില 64,400 രൂപയാണ്. ജനുവരി ഒന്നിന് 57,200 രൂപയായിരുന്നു സ്വർണവില. എന്നാൽ രണ്ട് മാസം പിന്നിട്ട് മാർച്ചിൽ എത്തുമ്പോൾ വില 63,440 ആണ്. 6,240 രൂപയാണ് പവന് കൂടിയത്.
ഫെബ്രുവരി 25 ന് സ്വർണവില റെക്കോർഡ് നിലവാരത്തിലായിരുന്നു. 64,600 എന്ന ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ എത്തിയതിന് ശേഷം വില കുറഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8050 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6630 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 106 രൂപയാണ്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാര നയങ്ങളാണ് സ്വര്‍ണവിലയെ കുത്തനെ ഉയർത്തിയത്. കാനഡ, മെക്സിക്കോ, ചൈന തുടങ്ങിയ രാജ്യങ്ങൾക്ക് ട്രംപ് അധിക തീരുവ ചുമത്തുമെന്ന് അറിയിച്ചതോടെ ആഗോള സ്വർണവില കുത്തനെ ഉയർന്നിരുന്നു. ട്രംപിന്റെ ഈ നയം വ്യാപാര യുദ്ധത്തിന് വഴി വെക്കുമെന്ന് ആശങ്ക വന്നതോടെയാണ് സ്വർണവില ഉയർന്നത്.
