മലയാള സിനിമയ്ക്ക് പുതു ചരിത്രം സമ്മാനിച്ച മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിന്റെ ടെലിവിഷൻ പ്രീമിയർ പ്രഖ്യാപിച്ചു. മാർച്ചോ 30ന് ചിത്രം ടിവിൽ എത്തും. ഏഷ്യാനെറ്റിൽ നാല് മണിക്കാകും സംപ്രേഷണം. ആധുനിക സാങ്കേതിക വിദ്യകൾ വളർന്ന സാഹചര്യത്തിൽ പൂർണമായും ബ്ലാക് ആന്റ് വൈറ്റിൽ റിലീസ് ചെയ്ത ചിത്രം 50 കോടി ക്ലബ്ബിൽ ഇടം നേടുന്ന ആദ്യ മലയാള സിനിമ എന്ന ചരിത്രം കൂടി സൃഷ്ടിച്ചിരുന്നു.
ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ബ്ലാക് ആന്റ് വൈറ്റ് ചിത്രവും ഭ്രമയുഗം ആയിരുന്നു. 2024 ഫെബ്രുവരി 15ന് ആയിരുന്നു ഭ്രമയുഗം റിലീസ് ചെയ്തത്. ആദ്യദിനം മുതൽ മികച്ച പ്രതികരണം നേടിയ ചിത്രം പത്ത് രാജ്യങ്ങളിൽ റിലീസ് ചെയ്തിരുന്നു. ഫുൾ ഓൺ എന്റർടെയ്ൻമെന്റുകൾ സമ്മാനിച്ച 2024ൽ കട്ടയ്ക്ക് പിടിച്ച് നിൽക്കാൻ ഭ്രമയുഗത്തിനായി എന്നത് ഏറെ ശ്രദ്ധേയമാണ്. ഭൂതകാലം എന്ന ചിത്രത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രം കൂടിയാണ് ഭ്രമയുഗം. മമ്മൂട്ടി നിറഞ്ഞാടിയ ചിത്രത്തിൽ സിദ്ധാർത്ഥ് ഭരതൻ, അർജുൻ അശോകൻ, അമാൽഡ ലിസ്, മണികണ്ഠൻ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയത്. ചിത്രം 50 കോടിയിലേറെ കളക്ഷന് നേടിയിട്ടുണ്ട്.
