മലയാളത്തിലെ ‘ദി മോസ്റ്റ് അവൈറ്റിങ്’ മൂവി ഏതെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ സിനിമാപ്രേമികൾ ഒന്നടങ്കം പറയുകയുള്ളൂ, പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം എമ്പുരാൻ. ക്വാളിറ്റി കൊണ്ടും താരനിര കൊണ്ടും ചിത്രം ഞെട്ടിക്കുമെന്ന പ്രതീക്ഷയിലാണ് ഏവരും. സിനിമയിലെ പ്രധാന കഥാപാത്രങ്ങളിൽ ഒട്ടുമുക്കാൽ പേരെയും അണിയറപ്രവർത്തകർ പുറത്തുവിട്ടുവെങ്കിലും ചുവന്ന ഡ്രാഗണിന്റെ ചിത്രമുള്ള ഷര്‍ട്ട് ധരിച്ച് പുറം തിരിഞ്ഞ് നില്ക്കുന്ന കഥാപാത്രം ആരായിരിക്കുമെന്നതിന്റെ ആകാംക്ഷയിലാണ് ആരാധകർ. ബോളിവുഡ് താരം ആമിർ ഖാന്റെ ഉൾപ്പടെയുള്ള പേരുകൾ പറയപ്പെടുന്നുണ്ടെങ്കിലും അതിൽ ഏറ്റവും അധികം ഉയർന്നു കേൾക്കുന്ന പേര് റിക്ക് യൂണിന്റേതാണ്.
എല്ലാവർക്കും ചോദിക്കാനുളളത് ഒറ്റ ചോദ്യമാണ് ‘എമ്പുരാനിൽ റിക്ക് യൂൺ വില്ലനാകുമോ?’ എന്നത്. ‘ഒരു പുറം തിരിഞ്ഞുള്ള പിക്ക് ഇടൂ… ഒരു കാര്യം നോക്കാനായിരുന്നു’, ‘കൊച്ചുകള്ളൻ നമ്മൾ കണ്ടുപിടിക്കില്ല എന്ന് കരുതിയോ’, ‘ആശാനേ നമ്മൾ കണ്ടുപിടിച്ചു’, ‘നിങ്ങാളാണോ എമ്പുരാന്റെ വില്ലൻ’ എന്നിങ്ങനെ പോകുന്നു കമന്റുകൾ.
ഈ അടുത്ത് റിക്ക് യൂണിന്റെ കാസ്റ്റിങ് ഏജൻസി നടൻ ഇന്ത്യന്‍ സിനിമയുടെ ഭാഗമാകുന്നു എന്ന് പറഞ്ഞുകൊണ്ട് പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടൻ എമ്പുരാനിലെ ചുവന്ന ഡ്രാഗണിന്റെ ചിത്രമുള്ള ഷര്‍ട്ട് ധരിച്ച വ്യക്തിയായിരിക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചത്. കൊറിയൻ പശ്ചാത്തലമുള്ള ഹോളിവുഡ് നടനാണ് റിക്ക് യൂൺ. ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്, ഡൈ അനദർ ഡേ, നിൻജ അസാസിൻ, ഒളിമ്പസ് ഹാസ് ഫോളൻ തുടങ്ങിയ സിനിമകളിൽ റിക്ക് ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
