പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന എമ്പുരാന്റ ടിക്കറ്റ് ബുക്കിംഗ് തുടങ്ങിയത് ഇന്ന് ഒമ്പത് മണിയോടെയാണ്. ബുക്ക് മൈ ഷോയില്‍ മോഹൻലാല്‍ ചിത്രത്തിന് വൻ പ്രതികരണമാണ് ലഭിക്കുന്നത്. കേരളത്തില്‍ ട്രാക്ക് ചെയ്ത 1382 ഷോകളില്‍ നിന്ന് ഇതിനകം 3.026 കോടി എമ്പുരാൻ നേടി.
2025 ജനുവരി 26 നു ആദ്യ ടീസർ പുറത്ത് വിട്ടു കൊണ്ട് പ്രമോഷൻ ജോലികൾ ആരംഭിച്ച ചിത്രത്തിന്റെ, കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന രീതിയും ഏറെ ശ്രദ്ധ നേടിയിരുന്നു. ഓരോ അഭിനേതാക്കളും തങ്ങളുടെ കഥാപാത്രങ്ങളെ കുറിച്ച് സംസാരിക്കുന്ന വീഡിയോകൾ പുറത്തു വിടുന്നത് ഫെബ്രുവരി ഒൻപത് മുതൽ ആരംഭിച്ച്, അതവസാനിച്ചത് ഫെബ്രുവരി 26 ന് വന്ന മോഹൻലാലിൻറെ കാരക്ടർ പോസ്റ്റർ, വീഡിയോ എന്നിവയിലൂടെയാണ്.മോഹൻലാൽ അവതരിപ്പിക്കുന്ന സ്റ്റീഫൻ നെടുമ്പള്ളി/ഖുറേഷി അബ്രാം, പൃഥ്വിരാജ് അവതരിപ്പിക്കുന്ന സയ്ദ് മസൂദ് എന്നിവരുടെ കാരക്ടർ പോസ്റ്ററുകളും വീഡിയോകളുമാണ് ഫെബ്രുവരി 26 നെത്തിയത്. ഓരോ ദിവസവും രണ്ട് കഥാപാത്രങ്ങളെന്ന കണക്കിൽ, 18 ദിവസം കൊണ്ട് ചിത്രത്തിലെ 36 കഥാപാത്രങ്ങളെയാണ് പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയത്.
ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് നിർമ്മിച്ച മോഹൻലാൽ ചിത്രം എമ്പുരാൻ മാർച്ച് 27നാണ് ആഗോള റിലീസായെത്തുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പൃഥ്വിരാജാണ്.
