
ചിയാന്‍ വിക്രമിനെ നായകനാക്കി ഗൗതം വാസുദേവ് മേനോന് സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘ധ്രുവനച്ചത്തിരം’ വളരെ പ്രതീക്ഷയോടെയാണ് സിനിമാപ്രേമികള്‍ കാത്തിരിക്കുന്നത്. പല തവണയായി മാറ്റിവെച്ചിരുന്ന ചിത്രത്തിന്റെ റിലീസ് തീയതിയിൽ പ്രേക്ഷകർക്ക് പ്രതീക്ഷ നല്കുന്ന പുതിയ അപ്ഡേഷനാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ട്രേഡ് അനലിസ്റ്റ് ആയ ശ്രീധര്‍ പിള്ളയാണ് സിനിമയുടെ കേരള വിതരണക്കാര്‍ നല്കുന്ന അപ്ഡേറ്റ് പ്രകാരം ചിത്രം മെയ് ഒന്നിന് പുറത്തിറങ്ങുമെന്ന വാര്‍ത്ത തന്റെ എക്സിലൂടെ പങ്കുവെച്ചത്. നേരത്തെ ഒരു അഭിമുഖത്തില്‍ ധ്രുവനച്ചത്തിരം റിലീസ് ചെയ്യാനുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്നും സമ്മര്‍ റിലീസായി ചിത്രം തിയേറ്ററിലെത്തിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും ഗൗതം മേനോന് പറഞ്ഞിരുന്നു.
2016ലാണ് ധ്രുവനച്ചത്തിരത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. എന്നാല്‍ പല കാരണങ്ങളാല്‍ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. ചിത്രം ഒരിക്കലും 2016 ല്‍ ഷൂട്ട് ചെയ്തതാണെന്ന് തോന്നില്ലെന്നും കഴിഞ്ഞ ആഴ്ച ഷൂട്ട് തീര്‍ന്ന സിനിമ പോലയെ അനുഭവപ്പെടൂ എന്നും ഗൗതം മേനോന് കൂട്ടിച്ചേര്‍ത്തു. ചിത്രത്തില്‍ ജോണ്‍ എന്ന രഹസ്യാന്വേഷണ ഏജന്റായിട്ടാണ് വിക്രം വേഷമിടുന്നത്.
ചിയാനൊപ്പം മലയാളത്തിന്റെ സ്വന്തം വിനായകനും സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഋതു വര്‍മ്മ, സിമ്രാന്, ആര് പാര്ത്ഥിപന്, രാധിക ശരത്കുമാര്, ദിവ്യദര്‍ശിനി, മുന്ന സൈമണ്‍, സതീഷ് കൃഷ്ണന്, വംശി കൃഷ്ണ, സലിം ബെയ്ഗ് എന്നിവരടങ്ങുന്ന വമ്പന്‍ താരനിരയാണ് വിക്രത്തിനൊപ്പം ധ്രുവനച്ചത്തിരത്തില്‍ വേഷമിടുന്നത്.