കെ ജെ യേശുദാസ് നേരിട്ട ജീവിതപ്രതിസന്ധികളെക്കുറിച്ച് വിവരിച്ചാല്‍ തീരില്ല. ഓരോ പ്രതിസന്ധിയേയും ഊര്‍ജമാക്കിയുള്ള യേശുദാസിന്റെ മുന്നേറ്റം ആരേയും എക്കാലവും ആവേശം കൊള്ളിക്കുന്നതാണ്.
പിതാവ് അഗസ്റ്റിന് ജോസഫിന്റെ ആരോഗ്യം മോശമായ ഘട്ടത്തിലാണ് യേശുദാസ് മികച്ച മാര്‍ക്ക് വാങ്ങി പത്താംതരം പരീക്ഷപാസായത്. ചികിത്സാചെലവുകള്‍ക്ക് നല്ലൊരു തുക അഗസ്റ്റിന്ജോസഫിന് വേണമായിരുന്നു. സ്വാഭാവികമായും മൂത്തമകനെ ഏതെങ്കിലും തൊഴിലിന് വിടുക എന്നതാണ് ഇത്തരമൊരു പ്രതിസന്ധിയില്‍ മിക്ക മാതാപിതാക്കളും ചിന്തിക്കുക. എന്നാല്‍ അഗസ്റ്റിന് ജോസഫ് രോഗദുരിതങ്ങള്‍ക്കിടയിലും യേശുദാസിനെ ജോലിക്ക് വിണ്ടേണ്ട എന്ന് തീരുമാനിച്ചു. കാരണം മകന് പേരും പ്രശസ്തിയുമുള്ള ഗായകനായി തീരണം എന്നതായിരുന്നു അഗസ്റ്റന്‍ ജോസഫിന്റെ സ്വപ്നം.
അദ്ദേഹം യേശുദാസിനെ തൃപ്പൂണിത്തുറ രാധാലക്ഷ്മിവിലാസം ( ആര്‍എല്‍വി) കോളേജില്‍ ഗാനഭൂഷണം പഠിപ്പിക്കാന്‍ തീരുമാനിച്ചു. തോപ്പുംപടിക്കാരനായ യേശുദാസിന് തൃപ്പൂണിത്തുറയില്‍ പോയിവരാന്‍ അഗസ്റ്റിന്‍ജോസഫ് സമ്മതിച്ചില്ല. യാത്രചെയ്യുന്നതുമൂലം പഠിക്കാനുള്ള സമയത്തില്‍ കുറവ് വരും എന്നായിരുന്നു അദ്ദേഹത്തിന്റെ ആശങ്ക. എന്നാല്‍ നാല്പത് രൂപയാണ് തൃപ്പൂണിത്തുറയില്‍ താമസിച്ചു പഠിക്കണമെങ്കില്‍ ഒരു മാസം വേണ്ടിവരിക. രണ്ടും കല്‍പ്പിച്ച് അഗസ്റ്റിന് ജോസഫ് മകനെ തൃപ്പൂണിത്തുറയിലേക്ക് വിട്ടു. അത്യവശ്യം പിടിച്ചുനില്‍ക്കാനുള്ള പണം അഗസ്റ്റിന് ജോസഫ് സ്വരൂപിച്ച് നല്കി.
നാല് വര്‍ഷ കോഴ്സില്‍ മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് ഡബിള്‍ പ്രമോഷന് കൊടുക്കുന്ന ഏര്‍പ്പാട് അന്നുണ്ടായിരുന്നു. മിടുക്കരുടെ ലിസ്റ്റില്‍ യേശുദാസ് ആദ്യസ്ഥാനപ്പേരുകാരില് ഒരാളായി. കര്‍ണാടകസംഗീതം ബ്രാഹ്മണ സമുദായത്തിന്റെ മാത്രം കുത്തകയാണെന്ന വിശ്വാസം കൊടികുത്തിവാണ കാലംകൂടിയായിരുന്നു അത്. ആല്എല്വിയിലെ ഒരു ബ്രാഹ്മണ അധ്യാപകന് യേശുദാസിന് ലഭിച്ച ഡബിള്‍ പ്രമോഷന് ഇഷ്ടമായില്ല. മാപ്പിളക്ക് എങ്ങനെ സംഗീതം വരും എന്ന് ആ അധ്യാപകന് യേശുദാസിന്റെ മുഖത്ത് നോക്കി ചോദിച്ചു. പരസ്യമായുള്ള അധ്യാപകന്റെ അപമാനം യേശുദാസിന് ഏല്‍പ്പിച്ച ആഘാതം വിവരണാതീതമായിരുന്നു.
എന്നാല്‍ യേശുദാസിന്റെ രക്ഷകയായി അധ്യാപികയായ പത്മം എത്തി. യേശുദാസിന്റെ ആര് എല്‍ വി പഠനകാലത്ത് മറക്കാനാവാത്ത പേരാണ് അധ്യാപിക പത്മത്തിന്റേത്. യേശുദാസിന് താങ്ങും തണലുമായിരുന്നു ആ അധ്യാപിക. യേശുദാസിന് സംസ്കൃതഭാഷ വഴങ്ങുമായിരുന്നില്ല. ഈ കുറവ് തിരിച്ചറിഞ്ഞ പത്മം അദ്ദേഹത്തെ വീട്ടില്‍ താമസിപ്പിച്ച് സംസ്കൃതം പഠിപ്പിച്ചു. അങ്ങനെ അധ്യാപികയായ പത്മം, ഭര്‍ത്താവ് ശ്രാരാമന്നായര്, മക്കളായ ഉണ്ണി, ഈശ്വര്‍ എന്നിവര്‍ക്കൊപ്പം യേശുദാസും തൃപ്പൂണിത്തുറ പന്തിയില്‍ വീട്ടിലെ ഒരംഗമായി വളര്‍ന്നു.
ഏതാണ്ട് അതേ കാലത്ത് തന്നെയാണ് തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ സംഗീതജ്ഞന് മധുരമണിഅയ്യരുടെ കച്ചേരി നടന്നത്. സഹപാഠികള്‍ ക്ഷേത്രമതില്‍ക്കെട്ടിനുള്ളിലെ കച്ചേരി ആസ്വദിച്ചു. എന്നാല്‍ മതത്തിന്റെ പേരില്‍ യേശുദാസിന് ക്ഷേത്രകോമ്പൗണ്ടില്‍ കയറാനായില്ല. അദ്ദേഹം വ്രണപ്പെട്ട മനസോടെ ക്ഷേത്രത്തിന് വെളിയില്‍ നിന്ന് കച്ചേരി കേട്ടുമടങ്ങി.
ആയിടക്ക് അഗസ്റ്റിന് ജോസഫിന്റെ രോഗം മൂര്ച്ഛു. വീട്ടില്‍ നിന്ന് കിട്ടിയിരുന്ന പണം നിലച്ചു. ജീവിതവും പഠനവും പ്രതിസന്ധിയിലായ യേശുദാസ് ബിഷപ്പ് ഹൗസില്‍ പോയി അല്പം പണം ആവശ്യപ്പെടാമെന്ന് കരുതി. ബിഷപ്പിനെ കണ്ട് കാര്യം ബോധിപ്പിച്ചു. എന്നാല്‍ ക്രിസ്ത്യാനി പാട്ട് പഠിച്ച് എന്ത് ചെയ്യാനാണ് എന്നായിരുന്നു ബിഷപ്പിന്റേയും ചോദ്യം. ആര് എല്‍ വിയിലെ ബ്രാഹ്മണാധ്യാപകന് ചോദിച്ച അതേ ചോദ്യം.
യേശുദാസ് തളര്‍ന്നില്ല. ചില സ്വകാര്യചടങ്ങുകളില്‍ കൂട്ടുകാര്‍ മുഖേന പാടാന്‍ അവസരം കിട്ടി. അതോടെ സാമ്പത്തിക പ്രതിസന്ധിക്ക് താല്‍ക്കാലിക അയവ് വന്നു. ഗാനഭൂഷണം ഒന്നാം ക്ലാസില്‍ വിജയിച്ച യേശുദാസ് ബിരുദദാനവേളയില് കച്ചേരി പാടാന്‍ തീരുമാനിച്ചു. എല്ലാ അധ്യാപകരേയും കണ്ട് തൊഴുത യേശുദാസിനെ പഴയ ബ്രാഹ്മണ അധ്യാപകന് വീണ്ടും അധിക്ഷേപിച്ചു. പൊട്ടിക്കരഞ്ഞ യേശുദാസിനെ പത്മംടീച്ചറും പ്രിന്‍സിപ്പാളും ചേര്‍ന്ന് ആശ്വസിപ്പിച്ചു. ദുഖം കടിച്ചമര്‍ത്തി യേശുദാസ് കച്ചേരി ഗംഭീരമാക്കി.
ആല്എല്വിയില് നിന്നും ഫസ്റ്റ് ക്ളാസ് നേടി വിജയിച്ച മകനെ അഗസ്റ്റിന് ജോസഫ് ഉപരിപഠനത്തിനായി തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീതകോളേജില്‍ ചേര്‍ത്തു. അറുപത് രൂപയായിരുന്നു ആകെയുണ്ടായിരുന്നത്.ഒന്നരമാസം കഴിഞ്ഞതോടെ അറുപത് രൂപ തീര്‍ന്നു. ശെമ്മാങ്കുടി ശ്രീനിവാസ അയ്യരായിരുന്നു പ്രിന്‍സിപ്പാള്‍. പഠനത്തില്‍ മിടുക്കനായ യേശുദാസിനോട് ശെമ്മാങ്കുടിക്ക് പുത്രതുല്യമായ വാത്സ്യമായിരുന്നു. ഹോസ്റ്റലിലെ മറ്റ് വിദ്യാര്‍ത്ഥികള്‍ മുഖേന യേശുദാസിന്റെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് ശെമ്മാങ്കുടി അറിഞ്ഞു.
വീട്ടിലെ കാര്‍ഷെഡില്‍ താമസിക്കാനുള്ള സൗകര്യം ശെമ്മാങ്കുടി യേശുദാസിന് ഒരുക്കികൊടുത്തു. സൗജന്യമായി താമസസൗകര്യം തരപ്പെട്ട യേശുദാസ് കാര്‍ഷെഡിന്റെ ഭിത്തിയില്‍ ആണിയടിച്ച് വസ്ത്രം തൂക്കി. ഒരു ജോഡി വെളള വസ്ത്രങ്ങളേ ഉണ്ടായിരുന്നുള്ളൂ. നിറം ഒന്നുതന്നെയായാല്‍ ആരും വസ്ത്രത്തിന്റെ കുറവ് തിരിച്ചറിയില്ല. പഠനകാലത്തെ ദാരിദ്ര്യം മറയ്ക്കാനായി തുടങ്ങിയ വെള്ളവസ്ത്രധാരണം യേശുദാസ് പിന്നീട് മാറ്റിയില്ല. വെള്ള വസ്ത്രങ്ങള്‍ അദ്ദേഹത്തിന്റെ പ്രതീകമായി മാറി. കാര്‍ ഷെഡിലിരുന്ന് പഠിക്കാനായി ഒരു മണ്ണെണ്ണവിളക്കും വാങ്ങി. എല്ലാദിവസവും ശെമ്മാങ്കുടിയുടെ കാര്‍ യേശുദാസ് കഴുകി കൊടുക്കുമായിരുന്നു. സംഗീതകോളേജില്‍ നിന്നും ഒന്നാം റാങ്കോടെയാണ് യേശുദാസ് പാസായത്.
ആയിടക്ക് തിരുവനന്തപുരം ആകാശവാണിയില്‍ ലളിതഗാനത്തിനുള്ള ഓഡിഷന് നടക്കുന്ന വിവരം യേശുദാസ് അറിഞ്ഞു. തെരഞ്ഞെടുക്കപ്പെട്ടാല്‍ മുപ്പത് രൂപ പ്രതിഫലം ലഭിക്കും. യേശുദാസിന് മുപ്പത് രൂപ വലിയ തുകയായിരുന്നു. ഓഡിഷനില്‍ ആവേശത്തോടെ യേശുദാസ് പങ്കെടുത്തു. ഫലം അറിയാന്‍ പ്രതീക്ഷയോടെ കാത്തിരുന്ന യേശുദാസിന് ഏതാനും ദിവസംകഴിഞ്ഞ് ആകാശവാണിയില്‍ നിന്നും കത്ത് ലഭിച്ചു. സംഗീതത്തിന് പറ്റിയ ശബ്ദമല്ല താങ്കളുടേത് എന്നതായിരുന്നു കത്തിന്റെ ഉള്ളടക്കം.
1962 മുതല്‍ ആകാശവാണി ചെന്നൈനിലയത്തില് ദക്ഷിണമേഖലാ ശാസ്ത്രീയസംഗീത മത്സരമുണ്ടായിരുന്നു. മൂന്ന് വര്‍ഷം യേശുദാസ് മത്സരത്തില്‍ പങ്കെടുത്തെങ്കിലും സമ്മാനത്തിന് അര്‍ഹതയില്ലെന്നായിരുന്നു ആകാശവാണിയുടെ വിധിയെഴുത്ത്. പിന്നീട് യേശുദാസ് പേരും പ്രശസ്തിയും നേടിയതോടെ തിരുവനന്തപുരത്ത് സംഗീതപരിപാടിക്ക് വന്നു. കര്ട്ടന് ഉയര്‍ന്നപ്പോള്‍ കണ്ടത് ആകാശവാണിയുടെ മൈക്കും സൗണ്ട് സിസ്റ്റവും. റേഡിയോ പ്രക്ഷേപണത്തിനായി ഒരുക്കിവെച്ചതായിരുന്നു അതെല്ലാം. ആകാശവാണിയുടെ മുഴുവന്‍ സാമഗ്രികളും ത്ന്റെ മുന്നില്‍ നിന്നും എടുത്തുമാറ്റാന്‍ യേശുദാസ് ആവശ്യപ്പെട്ടു. അങ്ങനെ പലതവണ തന്നെ അപമാനിച്ച ആകാശവാണിയോട് യേശുദാസ് മധുരപ്രതികാരം വീട്ടി.
അഗസ്റ്റിന്‍ജോസഫിന്റെ രോഗം വീണ്ടും മൂര്‍ച്ഛിച്ചു. യേശുദാസിന് ചിക്കന്‍പോക്സും പിടിപെട്ടു. ജീവിതം വീണ്ടും വഴിമുട്ടി. പ്രതിസന്ധി അനുഭവിക്കുന്ന കലാകാരന്മാര്ക്ക് കേരളസംഗീതനാടക അക്കാദമി ധനസഹായം നല്കുന്നുണ്ടെന്നറിഞ്ഞ അഗസ്റ്റിന് ജോസഫ് സംഗീതനാടക അക്കാദമിക്ക് കത്തെഴുതി. മകന്റെ പഠനത്തിന് സഹായിക്കണം എന്നായിരുന്നു ഉള്ളടക്കം. എന്നാല്‍ ആ കത്തിന് മറുപടി ലഭിച്ചില്ല. പിന്നീട് 1971 മെയ് 13ന് മുപ്പത്തിയൊന്നാം വയസില്‍ യേശുദാസ് സംഗീതനാടക അക്കാദമിയുടെ ചെയര്‍മാനായത് കാലത്തിന്റെ മറ്റൊരു പ്രതികാരം.
തൃപ്പൂണിത്തുറയിലെ പഠനകാലത്ത് യേശുദാസിന് കെ എസ് ആന്റണി എന്ന സംവിധായകനെ പരിചയമുണ്ടായിരുന്നു. താന്‍ കാല്പാടുകള് എന്ന പേരില്‍ ഒരു സിനിമ സംവിധാനം ചെയ്യുന്നുണ്ടെന്ന് പില്ക്കാലത്ത് കെ എസ് ആന്റണി യേശുദാസിനെ അറിയിച്ചു. എം.ബി ശ്രീനിവാസനാണ് സംഗീതസംവിധായകനെന്നും അദ്ദേഹം പറഞ്ഞു. രണ്ടാഴ്ചക്കകം എംബി ശ്രീനിവാസന്റെ ടെലഗ്രാം വന്നു. പീച്ചിഗസ്റ്റ് ഹൗസില്‍ വരാനായിരുന്നു നിര്‍ദ്ദേശം. അഗസ്റ്റിന് ജോസഫും യേശുദാസിനൊപ്പം പോയി. ഒരു പാട്ട് പാടാന്‍ എംബി ശീനിവാസന്‍ ആവശ്യപ്പെട്ടു. അഗസ്റ്റിന് ജോസഫ് അഭിനയിച്ച നാടകത്തിലെ കൂരിരുള്‍ തിങ്ങിയ ജീവിതത്തില്‍ എന്ന് തുടങ്ങുന്ന, ചെറായി ജി. എഴുതി ജോബ് ആന്റ് ജോര്‍ജ് സംഗീതം നല്കിയ ഗാനം യേശുദാസ് പാടി.
ഇനി ശാസ്ത്രീയസംഗീതം പാടണം എന്നായി എംബി ശ്രീനിവാസന്. ത്യാഗരാജസ്വാമികള്‍ രചിച്ച ബഹുദാരി രാഗത്തിലെ ബ്രോവ ഭാരാമ രഘുരാമാ എന്ന കീര്‍ത്തനമാണ് യേശുദാസ് പാടിയത്. ഒരു ഹിന്ദി പാട്ട് കൂടി പാടണമെന്നായി എം ബി ശ്രീനിവാസന്. പ്യാര് കി രഹേന്‍ എന്ന ചിത്രത്തിലെ പ്രേം ധവാന് രചിച്ച് കനുഘോഷ് സംഗീതം നല്കിയ ദോ റോസ് മേ വോ പ്യാര് എന്ന ഗാനം യേശുദാസ് പാടി. യേശുദാസ് പാടിക്കഴിഞ്ഞ് എം ബി ശ്രീനിവാസന് പ്രതികരിച്ചില്ല. എന്നാല്‍ മൂന്ന് മാസം കഴിഞ്ഞ് യേശുദാസിനെ തേടി ആ സന്തോഷവാര്‍ത്തയെത്തി. ഉടന്‍ മദിരാശില്‍ എത്തണമെന്നുള്ള എം ബി ശ്രീനിവാസന്റെ അറിയിപ്പ്.
സിനിമയില്‍ പാടാന്‍ ലഭിച്ച അപൂര്‍വ അവസരം. പക്ഷേ അവിടേയും വിധി പ്രതികൂലമായി. മദിരാശിയിലേക്കുള്ള വണ്ടിക്കൂലിക്കും ചെലവിനും വേണ്ട പണം യേശുദാസിനുണ്ടായിരുന്നില്ല. ട്രെയിന്‍ ടിക്കറ്റിന് മാത്രം പതിനെട്ട് രൂപ വേണം. അമ്മ തന്റെ സമ്പാദ്യത്തിലെ നാല് രൂപകൊടുത്തു. കള്ളവണ്ടി കയറി മദിരാശിയിലെത്താം എന്ന ചിന്തയോടെ ഹാര്‍ബര്‍ സ്റ്റേഷനിലേക്ക് പോകാന്‍ നില്‍ക്കുമ്പോഴാണ് കുടുംബസുഹൃത്തായ കരുവേലിപ്പടി മത്തായി യേശുദാസിന് ആശംസ നേരാന്‍ സ്വന്തം ടാക്സിയില്‍ എത്തുന്നത്. യേശുദാസിനെ റെയില്‍വേസ്റ്റേഷനില്‍ ടാക്സിയില്‍ കൊണ്ടുപോകുന്ന വേളയില്‍ പതിവിലധികം മൗനിയായിരുന്ന യേശുദാസിനോട് മത്തായി വിവരം ചോദിച്ചു. പണമില്ലെന്ന ദാസിന്റെ മറുപടി കേട്ടതോടെ മത്തായി വണ്ടി തിരിച്ചുവിട്ടു. തോപ്പുംപടിയിലെ വര്‍ക് ഷോപ്പില്‍ നിന്നും മുപ്പത് രൂപ കടംവാങ്ങിയശേഷം മത്തായി യേശുദാസിനെ റെയില്‍വേസ്റ്റേഷനില്‍ കൊണ്ടുവിട്ടു.
രണ്ട് മാസം കഴിഞ്ഞേ റെക്കോര്‍ഡിംഗ് ഉള്ളൂ. അതുവരെ മദിരാശില്‍ തങ്ങി പാട്ട് പഠിക്കണം. ബന്ധുവീട്ടില്‍ താമസമാക്കിയ യേശുദാസിന് കടുത്ത ടൈഫോയിഡ് പിടിപെട്ടു. റെക്കോര്‍ഡിംഗ് വേളയില്‍ യേശുദാസിന്റെ ആരോഗ്യസ്ഥിതികണ്ട് അണിയറപ്രവര്‍ത്തകര്‍ നിരാശയായി. എന്നാല്‍ നിര്‍മാതാവായ രാമന് നമ്പിയത്ത് യേശുദാസിന് തുണയായി. യേശുദാസിനുള്ള സോളോഗാനം ഒഴിവാക്കി, കെ പി ഉദയഭാനു പാടേണ്ടിയിരുന്ന ശ്രീനാരായണഗുരുവിന്റെ ജാതിഭേദം മതദ്വേഷം എന്നുതുടങ്ങുന്ന നാല് വരി പാടിക്കാന്‍ രാമന് നമ്പിയത്ത് തീരുമാനിച്ചു. 1961 നവംബര്‍ 14ന് ഭരണിസ്റ്റുഡിയോയില് ഉച്ചക്ക് മൂന്ന് മണിക്ക് യേശുദാസ് എംബി ശ്രീനിവാസന്റെ സംഗീതത്തില്‍ സിനിമക്ക് വേണ്ടി ആദ്യമായി പാടി. അതും ശ്രീനാരായണഗുരുവിന്റെ കാലാതീതമായ വരികള്‍.
ശാന്തിനിവാസ് എന്ന രണ്ടാമത്തെ സിനിമയില്‍ പാടാന്‍ അഭയദേവിന്റെ ശുപാര്‍ശ പ്രകാരമാണ് യേശുദാസ് മദിരാശിയിലെ അരുണാചലം സ്റ്റുഡിയോയില്‍ എത്തുന്നത്. മറ്റൊരു ഗായകന് വേണ്ടി മാറ്റിവെച്ച ഗാനം യേശുദാസ് പാടുന്നത് സംഗീതസംവിധായകന് ഇബ്രാഹീമിനും, സൗണ്ട് എഞ്ചിനീയര്‍ ജീവക്കും ഇഷ്ടമായില്ല. തെറ്റായനിര്ദേശങ്ങള് നല്കി യേശുദാസിനെ ഇരുവരും പരമാവധി ഒഴിവാക്കാന്‍ നോക്കി. ഈ സമയത്ത് അഭയദേവ് സ്റ്റുഡിയോയില്‍ വരികയും ഇരുവരേയും നിയന്ത്രിക്കുകയും ചെയ്തതോടെയാണ് യേശുദാസിന് പാടാനായത്. പില്ക്കാലത്ത് അരുണാചലം സ്റ്റുഡിയോ യേശുദാസ് വിലക്ക് വാങ്ങി. പണ്ട് തന്നെ തഴയാന്‍ ശ്രമിച്ച സൗണ്ട് എഞ്ചിനീയര്‍ ജീവയെ കീഴ് ജീവനക്കാരനാക്കി.
അഗസ്റ്റിന് ജോസഫിന്റെ ആരോഗ്യസ്ഥിതി വഷളായതോടെ യേശുദാസ് അദ്ദേഹത്തെ മദ്ദിരാശിലേക്ക് ചികിത്സക്ക് കൊണ്ടുപോയി. പൂനമല്ലി ആശുപത്രിലായിരുന്നു ചികിത്സ. പാര്ക്കിന്സണ്രോഗമാണ്. അടിയന്തിര ശസ്ത്രക്രിയ വേണം. ഓപ്പറേഷന് നടത്തിയാലും ഇല്ലെങ്കിലും രക്ഷപെടാനുള്ള സാധ്യതവിരളം. രണ്ടും കല്പിച്ച് അഗസ്റ്റിന് ജോസഫിന് ഓപ്പറേഷന് നടത്തി. ഏതാനും ദിവസത്തിനുള്ളില്‍ അദ്ദേഹം അന്തരിച്ചു. മൃതദേഹം വിട്ടുനല്‍കണമെങ്കില്‍ എണ്ണൂറ് രൂപവേണം.ആശുപത്രി ഉടമകട്ടായം പറഞ്ഞു. ഒരു രൂപപോലും കൈയ്യിലില്ലാതെ വിങ്ങിപ്പൊട്ടിയ യേശുദാസിന് പി. ഭാസ്കരനാണ് എണ്ണൂറ് രൂപ നല്കി സഹായിച്ചത്.
യേശുദാസ് സിനിമയില്‍ ഉദിച്ചുയര്ന്നകാലത്ത് വിമാനത്തിന്റെ ബിസിനസ് ക്ളാസില്‍ യാത്ര ചെയ്തപ്പോള്‍ ഇക്കണോമി ക്ളാസിലിരുന്ന ഒരാളില്‍ കണ്ണുടക്കി. കണ്ടുമറന്ന മുഖമാണ്. യേശുദാസിനെ കണ്ട് അയാള്‍ ഭക്തിപുരസരം അടുത്തെത്തി. പൂനമല്ലി ആശുപത്രി ഉടമയാണ്. അപ്പന്റെ മൃതദേഹം വിട്ടുകിട്ടാനായി പണ്ട് ചോദിച്ച എണ്ണൂറ് രൂപയുടെ കാര്യം യേശുദാസ് വെറുതേ ഓര്‍മ്മിപ്പിച്ചു. അപമാനഭാരത്താല്‍ അയാളുടെ തലതാഴ്ന്നു.
ഗുരുവായൂര്‍ സംഗീതോത്സവത്തിന്റെ ശതാബ്ദി ആഘോഷത്തില്‍ ചെമ്പൈ വൈദ്യനാഥഭാഗവതര്‍ തന്റെ പ്രിയശിഷ്യനായ യേശുദാസിനെ ഒപ്പം കൂട്ടാന്‍ തീരുമാനിച്ചു. അഹിന്ദുക്കള്‍ക്ക് പ്രവേശനം നിഷേധിച്ച ഗുരുവായൂരില്‍ ഭാഗവതര്‍ക്കൊപ്പം വന്നാല്‍ ഗുരുവായൂരപ്പനെ കണ്ട് തൊഴാം എന്ന് യേശുദാസ് കരുതി. എന്നാല്‍ ഇരുവരേയും ഞെട്ടിപ്പിച്ചുകൊണ്ട് ക്ഷേത്രാധികൃതര്‍ യേശുദാസിന്റെ പ്രവേശനം തടഞ്ഞു. ചെമ്പൈ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അധികൃതര്‍ വഴങ്ങിയില്ല. ഒടുവില്‍ ചെമ്പൈ ക്ഷേത്രമതില്‍കെട്ടിന് പുറത്ത് മേശകള്‍ നിരത്തിയിട്ട് യേശുദാസിനൊപ്പം പാടി. കരുണചെയ്വാന് എന്തൂ എന്ന ഇരയിമ്മന്‍ തമ്പി യുടെ കീര്‍ത്തനത്തോടെ ആരംഭിച്ച കച്ചേരി കേള്‍ക്കാന്‍ ആയിരങ്ങള്‍ തടിച്ചുകൂടി. മാവേലിക്കര കൃഷ്ണന്‍കുട്ടി നായരായിരുന്നു മൃദംഗം. കച്ചേരി കഴിഞ്ഞതോടെ ഗുരുവായൂരപ്പന് ട്രസ്റ്റ് മേധാവി ആഞ്ഞം മാധവന് നമ്പൂതിരിപ്പാട് മൂന്ന് പേരേയും പൊന്നാടയിട്ട് ആദരിച്ചു.
ഗുരുവായൂരില്‍ നിഷേധിച്ച ക്ഷേത്രപ്രവേശനം പക്ഷേ യേശുദാസിന് ശബരിമലയില്‍ ഉണ്ടായില്ല. 41 ദിവസത്തെ വ്രതമെടുത്ത് പതിനെട്ട് അംഗസംഘത്തോടൊപ്പം 1972 ലാണ് യേശുദാസ് ആദ്യമായി മലചവിട്ടിയത്. 1984 ല്‍ അമ്മ മരിച്ചവര്‍ഷം അയ്യപ്പദര്‍ശനം മുടങ്ങി. 2017 ല്‍ ഭാര്യപ്രഭയുമൊത്ത് യേശുദാസ് മലകയറി. ഇന്നും കോടിക്കണക്കിന് ഭക്തര്‍ കേള്‍ക്കുന്ന ഹരിവരാസനം എന്ന അയ്യപ്പന്റെ ഉറക്കുപാട്ട് പാടാനുള്ള സൗഭാഗ്യവും യേശുദാസിന് കൈവന്നു.
ജീവിതത്തിലെ മാത്രല്ല സംഗീതത്തിലെ പ്രതിസന്ധികളേയും യേശുദാസ് ഇച്ഛാശക്തികൊണ്ട് മറികടന്നിട്ടുണ്ട്. രവീന്ദ്രജയിന്‍ സംഗീതം നല്കി പതിമൂന്ന് മിനിട്ട് ദൈര്‍ഘ്യം വരുന്ന താന്സന് എന്ന ഹിന്ദിചിത്രത്തിലെ ഷഡ് ജനെ പായ യേ വര്ദാന് എന്ന പാട്ട് പാടാന്‍ മുഹമ്മദ് റഫി തയ്യാറായില്ല. അസാവരി, ബഹാര്‍, കാഫി, ഭൈരവ്, ബിലാവല്‍, ഖമാജ്, ദര്‍ബാരി എന്നീ ഹിന്ദുസ്ഥാനിരാഗങ്ങള്‍ സമ്മേളിക്കുന്ന സങ്കീര്‍ണമായ ഗാനമായിരുന്നു അത്. റാഫി പിന്മാറിയതോടെ രവീന്ദ്ര ജെയിന് പാട്ട് യേശുദാസിനെ ഏല്‍പ്പിച്ചു. യേശുദാസ് ഒരാഴ്ച കൊണ്ട് പാട്ട് പഠിച്ചു. രണ്ട് മണിക്കൂര്‍ നീണ്ട റെക്കാഡിംഗ്. അന്‍പത്തിയൊന്‍പതാമത്തെ ടേക്കിലാണ് പാട്ട് ഒകെ ആയത്.
തനിക്ക് നേരിടേണ്ടി വന്ന അപമാനങ്ങളെ യേശുദാസ് ഒരിക്കല്‍ അനുസ്മരിച്ചത് ഇങ്ങനെയാണ്- നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ കഷ്ടപ്പെടുമ്പോള്‍ സഹായിക്കാന്‍ ആരും ഉണ്ടാകില്ല. നിങ്ങള്‍ പ്രശസ്തിയിലും അഭിവൃദ്ധിയിലുമാണെങ്കില് ചോദിക്കാതെ അനാവശ്യമായി നിങ്ങളെ സഹായിക്കാന്‍ ആളുകള്‍ മുന്നോട്ട് വരും. ആരേയും ഒന്നിനേയും ശാശ്വതമായി വിശ്വസിക്കരുത്.
