കെപിഎസി ലളിത വിടവാങ്ങിയിട്ട് മൂന്നു വർഷം.
സ്വാഭാവികമായ അഭിനയശൈലിയിലൂടെയും സവിശേഷമായ ശബ്ദവിന്യാസത്തിലൂടെയും മലയാള സിനിമയിൽ വേറിട്ട ഒരിടം സൃഷ്ടിച്ച നടിയാണ് കെപിഎസി ലളിത
വിയറ്റ്നാം കോളനിയിലെ പട്ടാളം മാധവി, കോട്ടയം കുഞ്ഞച്ചനിലെ ഏലിയാമ്മ, പിടക്കോഴി കൂവൂന്ന നൂറ്റാണ്ടിലെ പുരുഷവിരോധിയായ സൂപ്രണ്ട്, മണിചിത്രത്താഴിലെ ഭാസുര തുടങ്ങി മലയാളികൾ ഒരിക്കലും മറക്കാത്ത കഥാപാത്രങ്ങളായി സ്ക്രീനിൽ ലളിത ജീവിച്ചു. സഹനടിയായും പ്രതിനായികയായും അഞ്ച് പതിറ്റാണ്ടിലേറെ കെപിഎസി ലളിത നിറഞ്ഞാടി.
കലാരംഗത്ത് ഉന്നതസ്ഥാനത്തേക്കെത്തിയെങ്കിലും ലളിതമായിരുന്നു കെപിഎസി ലളിതയുടെ ജീവിതം. കൂടുതലും പ്രത്യക്ഷപ്പെട്ടത് നാടൻ വേഷങ്ങളിൽ. പരദൂഷണവും കുശുമ്പും കൗശലവും കുശാഗ്രബുദ്ധിയും വിടുവായത്തവുമുള്ള അമ്മ-ഭാര്യ വേഷങ്ങൾ, ദാരിദ്ര്യത്തിന്റെയും ജീവിത പ്രാരാബ്ധത്തിന്റെയും പ്രതീകങ്ങളായമായ വേഷങ്ങൾ എന്നിങ്ങനെ ലളിത അനശ്വരമാക്കിയ കഥാപാത്രങ്ങൾ .
1968-ലെ ‘കൂട്ടുകുടുംബ’ത്തിൽ പ്രത്യക്ഷപ്പെട്ടതിനുശേഷം പത്തുവർഷം തുടർച്ചയായി അഭിനയിച്ച ലളിതാമ്മ 1978-ൽ അഭിനയം നിർത്തിവെച്ചിരുന്നു. പിന്നീട് ‘കാറ്റത്തെ കിളിക്കൂടി’ലൂടെയാണ് തിരിച്ചുവരുന്നത്. ഭർത്താവും സംവിധായകനുമായ ഭരതന്റെ മരണത്തിനുശേഷം അവർ വീണ്ടും സിനിമയിൽനിന്ന് അകന്നുകഴിഞ്ഞു. പിന്നീട് ‘വീണ്ടും ചില വീട്ടുകാര്യ’ങ്ങളിലാണ് തിരിച്ചെത്തുന്നത്. ആ ഇടവേളകൾ ഒരേസമയം സന്തോഷത്തിന്റെയും സഹതാപത്തിന്റേതുമായിരുന്നു.. ആ വലിയ ഇടവേളകളിൽ ഒരുപാട് കഥാപാത്രങ്ങൾ നഷ്ടപ്പെട്ടതായിരുന്നു അവരുടെ ദുഃഖം.
വടക്കാഞ്ചേരിക്കടുത്ത എങ്കക്കാട്ട് ദേശത്തെ ‘ഓർമ’ എന്ന വീട്ടിലേക്ക് അവസാനമായി പോയത് കെ.പി.എ.സി. ലളിത ഓർമകൾപോലുമില്ലാതെ അവസാന നിമിഷങ്ങൾ പിന്നിടുമ്പോഴാണ്.
നടിയാണ്, കാണുന്നത് അഭിനയമാണ് എന്ന് അല്പംപോലും തോന്നിപ്പിക്കാതെ കഥാപാത്രങ്ങളെ ആഴത്തിൽ അനുഭവിപ്പിച്ചു, ആ പരിചരണസിദ്ധി.3 വർഷം മുന്പ് കെ.പി.എ.സി ലളിത ഓർമ്മയുടെ വെള്ളിത്തിരയിൽ മാഞ്ഞു. ഇതിവൃത്തത്തിൽ പ്രത്യക്ഷ പങ്കാളിത്തമില്ലാത്ത, പേരുപോലും ഇല്ലാത്ത, നേർരേഖയിലൂടെ സഞ്ചരിക്കുന്ന കഥാപാത്രങ്ങൾക്കുപോലും അവർ വിസ്മയകരമായ വിധത്തിൽ അർഥവത്തായ പ്രാധാന്യം നൽകാറുണ്ട്.
