വെറും ഇരുപത് വർഷം മാത്രമായിരുന്നു എ കെ ലോഹിതദാസിന്റെ സിനിമാജീവിതം. ഈ കാലയളവിൽ ലോഹിതദാസ് ഏറെ തിളങ്ങിയത് എഴുത്തുകാരന്റെ റോളിലായിരുന്നുവെങ്കിലും സംവിധാനവും അഭിനയവും ഗാനരചനയും തനിക്ക് വഴങ്ങുന്നതാണെന്ന് അദ്ദേഹം തെളിയിച്ചു. എംടി വാസുദേവൻനായരും, പത്മരാജനും, ജോൺപോളുമടക്കം തിരക്കഥാരചനാരംഗത്ത് തിളങ്ങിനിന്ന കാലത്താണ് ലോഹിതദാസിന്റെ സിനിമാപ്രവേശം. ലോഹിതദാസ് എഴുതി 1987 ൽ സിബിമലയിലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മമ്മൂട്ടി നായകനായ തനിയാവർത്തനം മലയാളസിനിമക്ക് പുതിയൊരു ഭാവുകത്വമാണ് സമ്മാനിച്ചത്. തനിയാവർത്തനത്തിന്റെ വിജയത്തോടെ ലോഹിതദാസ്- സിബിമലയിൽ കൂട്ട് ശക്തമായി. കിരീടം, ചെങ്കോൽ, കമലദളം, ദശരഥം, ഹിസ് ഹൈനസ് അബ്ദുള്ള, എഴുതാപ്പുറങ്ങൾ, വിചാരണ, മുദ്ര, ധനം തുടങ്ങിയ സിനിമകൾ ഈ കൂട്ടുകെട്ടിൽ പിറന്നവയാണ്. വാണിജ്യവിജയത്തോടൊപ്പം സിനിമയിൽ കലാപരമായ ഉളളടക്കം കാത്തുസൂക്ഷിക്കുന്നതിൽ സിബിമലയിൽ- ലോഹിതദാസ് കൂട്ട് കെട്ടിന് കഴിഞ്ഞിരുന്നു. ഐ വി ശശി, ജോഷി, സത്യൻ അന്തിക്കാട് തുടങ്ങിയവർക്കൊപ്പം ലോഹിതദാസ് പ്രവർത്തിച്ചെങ്കിലും സിബിമലയിലിനൊപ്പം ഉണ്ടായതുപോലുള്ള സൂപ്പർഹിറ്റുകൾ സൃഷ്ടിക്കാൻ ഇവർക്കാർക്കും ഒരു പിരിധിവരെ കഴിഞ്ഞില്ല.
തൃശൂർ ചാലക്കുടി മുരുങ്ങൂരിൽ 1955 മെയ് പത്തിനാണ് അമ്പാഴത്തിൽ കരുണാകരൻ ലോഹിതദാസ് എന്ന എകെ ലോഹിതദാസിന്റെ ജനനം. എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും ബിരുദവും, തിരുവനന്തപുരം മെഡിക്കൽകോളേജിൽ നിന്നും ലബോറട്ടറി ടെക്സീഷ്യൻ കോഴ്സും പാസായ ലോഹിതദാസ് പഠനകാലത്ത് തന്നെ ചെറുകഥകൾ എഴുതിയിരുന്നു. എന്നാൽ ചെറുകഥാ എഴുത്തിൽ ലോഹതദാസിന് തിളങ്ങനായില്ല. തുടർന്ന് നാടകരചനയിലേക്ക് ശ്രദ്ധമാറി. തോപ്പിൽഭാസിയുടെ നേതൃത്വത്തിലുള്ള കെപിഎസി ക്ക് വേണ്ടി 1986 ൽ നാടകരചന നിർവഹിച്ചുകൊണ്ട് ലോഹിതദാസ് നാടകരംഗത്ത് പ്രവേശിക്കുന്നത്. സിന്ധുശാന്തമായി ഒഴുകുന്നു എന്നതായിരുന്നു ആദ്യനാടകം. ആദ്യനാടകത്തിന് തന്നെ മികച്ച നാടകൃത്തിനുള്ള സംസ്ഥാനസർക്കാരി്ന്റെ പുരസ്കാരം ലഭിച്ചു. എഴുതുന്ന നാടകങ്ങളുടെ സാമ്പത്തികവിജയവും, നിരൂപകപ്രശംസയും, കലാമൂല്യവും നടൻ തിലകനെ ലോഹിതദാസിനോട് അടുപ്പിച്ചു. തിലകൻ മുഖേനയാണ് ലോഹിതദാസ് മലയാള ചലച്ചിത്രരംഗത്ത് ചുവടുപ്പിക്കുന്നത്. സിനിമയുടെ മിക്കമേഖലകളിൽ ലോഹിതദാസ് പ്രതിഭതെളിയിച്ചു. അക്കൂട്ടത്തിൽ പാട്ടെഴുത്തും പെടും. എണ്ണത്തിൽ കുറവുള്ളതുകൊണ്ടാവാം ലോഹിതദാസിന്റെ സിനിമാഗാനങ്ങളെ ആരും ഗൗരവപൂർവം സമീപിച്ചതായി കാണുന്നില്ല. എന്നാൽ അദ്ദേഹം രചിച്ച ഗാനങ്ങളിൽ ഏറെയും രചനാഗുണവും ജനപ്രീതി നേടിയവയുമായിരുന്നു.
2000 ൽ റിലീസായ ജോക്കർ എന്ന തന്റെ തന്നെ സിനിമയിലൂടെയാണ് ലോഹിതദാസ് ആദ്യമായി ഗാനരചയിതാവാകുന്നത്. യൂസഫലി കേച്ചേരി എഴുതിയ എട്ട് ഗാനങ്ങളും ലോഹിതദാസ് എഴുതിയ രണ്ട് ഗാനങ്ങളുമായിരുന്നു ചിത്രത്തിൽ. മോഹൻസിത്താരയായിരുന്നു സംഗീതവിധാനം. അഴകേ നീപാടും, ചെമ്മാനംപൂത്തേ പുതു സിന്ദൂരം തൊട്ടേ എന്നീ ലോഹിതദാസിന്റെ രണ്ടുപാട്ടുകളും യേശുദാസാണ് പാടിയത്.
2003 ൽ പുറത്തിറങ്ങിയ കസ്തൂരിമാൻ എന്ന ചിത്രത്തിലെ പത്ത് ഗാനങ്ങളിൽ, രാക്കുയിൽ പാടീ രാവിന്റെ ശോകം എന്ന ഗാനമാണ് ലോഹിതദാസ് എഴുതിയത്. ഈ ഗാനം, ചിത്രയും യേശുദാസും വെവ്വേറെ പാടുന്നുണ്ട്. ചിത്രത്തിലെ ഇതരഗാനങ്ങൾ യൂസഫലി കേച്ചേരിയുടേതായിരുന്നു. ഔസേപ്പച്ചനായിരുന്നു സംഗീതസംവിധാനം. കസ്തൂരിമാൻ നിർമിച്ചതും സംവിധാനം ചെയ്തതും ലോഹിതദാസാണ്. 2006 ൽ ലോഹിതദാസിന്റെ തിരക്കഥയിലും സംവിധാനത്തിലും പുറത്തിറങ്ങിയ ചക്കരമുത്തിലെ രണ്ട് ഗാനങ്ങളാണ് ലോഹിതദാസ് എഴുതിയത്. മറന്നുവോ പൂമകളേ, പഹാഡി പാടൂ എന്നീ ഗാനങ്ങൾ . യേശുദാസും ചിത്രയുമായിരുന്നു ഗായകർ. എം ജയചന്ദ്രൻ സംഗീതസംവിധാനം. ചിത്രത്തിലെ ഇതരഗാനങ്ങൾ ഗിരീഷ് പുത്തഞ്ചേരി എഴുതി.
2007 ൽ ലോഹിതദാസ് എഴുതി സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലെ കോലക്കുഴൽ വിളികേട്ടോ എന്ന ഗാനം സൂപ്പർഹിറ്റായി. വിജയ് യേശുദാസിനും, ശ്വേതാമോഹനും ഈ ഗാനത്തിലൂടെ മികച്ച ഗായകർക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് ലഭിച്ചു. എം ജയചന്ദ്രനായിരുന്നു സംഗീതസംവിധായകൻ. കോലക്കുഴൽ വിളികേട്ടോ എന്നവരിയെ ഓടൽക്കുഴൽ വിളികേട്ടോ എന്ന് തെറ്റിദ്ധരിക്കുന്നവരുണ്ട്. എന്നാൽ കോലക്കുഴൽ എന്ന് തന്നെയാണ് താൻ എഴുതിയതെന്ന് ലോഹിതദാസ് വ്യക്തമാക്കിയിട്ടുണ്ട്. ഓടക്കുഴലിന്റെ പര്യായമാണ് കോലക്കുഴൽ. ഈ ഗാനം സംഗീതസംവിധായകൻ എം ജയചന്ദ്രന്റെ ജീവിതത്തിലെ നിർണായകമായ വഴിത്തിരിവ് കൂടിയാണ്. എം ജയചന്ദ്രൻ കരിയറിൽ പിന്നോക്കം പോയ പ്രതിസന്ധി ഘട്ടത്തിലാണ് ലോഹിതദാസിന്റെ വിളി വരുന്നത്. ചെറുതുരുത്തി ഗസ്റ്റ് ഹൗസിൽ വെച്ചായിരുന്നു എം ജയചന്ദ്രന്റേയും ലോഹിതദാസിന്റേയും കൂടിക്കാഴ്ച. ലോഹിതദാസ് രണ്ട് ഉപാധികൾ വെച്ചു. ഒന്ന് പാട്ട് കേൾക്കുമ്പോൾ, കൗമാരപ്രായത്തിലുള്ള കൃഷ്ണന്റെയും രാധയുടേയും മുഖം മനസിൽ തെളിയണം. രണ്ട് കൗമാരശബ്ദത്തിലാവണം പാട്ട് പാടേണ്ടത്. ജയചന്ദ്രൻ രണ്ട് നിബന്ധനകളും അംഗീകരിച്ചു. തുടർന്ന് പതിനാല് പല്ലവികൾ സൃഷ്ടിച്ചു. അവ ഓരോന്നും മനസിരുത്തി കേട്ടശേഷം ലോഹിതദാസ് കോലക്കുഴൽവിളികേട്ടോ എന്ന ഈണം തെരഞ്ഞെടുത്തു. ഈണം ഉറപ്പിച്ചുകഴിഞ്ഞതോടെ കൗമാരശബ്ദത്തിൽ ആര് പാടും എന്നായി ലോഹിതദാസ്. വിജയ് യേശുദാസും സുജാതാമോഹനുമെന്ന് ജയചന്ദ്രൻ മറുപടികൊടുത്തു. യേശുദാസിന്റെയും സുജാതയുടേയും മക്കൾ എന്ന പരിഗണനയില്ല ഈ തെരഞ്ഞെടുപ്പെന്നും ജയചന്ദ്രൻ അറിയിച്ചു. തുടർന്ന് വിജയ് യേശുദാസും സുജാതാമോഹനും പാടി. റെക്കോർഡ് ചെയ്ത പാട്ട് എം ജയചന്ദ്രൻ കേൾപ്പിച്ചപ്പോൾ ലോഹിതദാസിന് ഇഷ്ടപ്പെട്ടില്ല. പാട്ടിൽ തന്റെ ഉള്ളിലുള്ള കൃഷ്ണനും രാധയും ഇല്ലെന്നായിരുന്നു ലോഹിതദാസിന്റെ നിലപാട്. അതോടെ ജയചന്ദ്രനും വിജയ് യേശുദാസും സുജാതാമോഹനും കൂടുതൽ തവണ പ്രാക്ടീസ് ചെയ്ത് സ്വരവും ഭാവവും ഉറപ്പിച്ചു. ഒടുവിൽ വീണ്ടും പാടി ലോഹിതദാസിനെ കേൾപ്പിച്ചപ്പോൾ അദ്ദേഹം തൃപ്തനായി. ലോഹിതദാസിന്റെ നിർബന്ധം ഫലം കണ്ടു.. വിജയ് യേശുദാസിനും ശ്വേതാമോഹനും അവാർഡ് കിട്ടിയത് ലോഹിതദാസിന്റെ പാട്ടിന്റെ പൂർണതക്കുവേണ്ടിയുള്ള വാശിയുടെ കൂടി ഫലമാണ് എന്ന് പറയുന്നതിൽ തെറ്റില്ല. ഈ പാട്ടോടെ എം ജയചന്ദ്രന് കരിയറിൽ തിരിച്ചുവരാനും കഴിഞ്ഞു. ക്രൈതപ്രം, ബിച്ചുതിരുമല, സി ജെ കുട്ടപ്പൻ എന്നിവരായിരുന്നു നിവേദ്യത്തിലെ ഇതരഗാനങ്ങൾ രചിച്ചത്.
വിരലിൽ എണ്ണാവുന്ന ഗാനങ്ങൾ മാത്രമേ ലോഹിതദാസ് സിനിമക്ക് വേണ്ടി എഴുതിയിട്ടുള്ളൂ. ദുഖം, വിരഹം എന്നിവയെ പ്രതിനിധാനം ചെയ്യുന്നവയാണ് അവയിൽ ഭൂരിപക്ഷം പാട്ടുകളും. ഗാനത്തിന് വേണ്ട ഘടകപൊരുത്തവും ആദിമധ്യാന്തമുള്ള ആശയതുടർച്ചയും ലോഹിതദാസിന്റെ ഗാനങ്ങളിൽ കാണാം. മലയാളത്തിലെ ഏത് മുന്തിയ ഗാനരചയിതാവിന്റെയും സൃഷ്ടികൾക്ക് ഒപ്പം തന്നെയാണ് ലോഹിതദാസിന്റെ ഭൂരിപക്ഷം ഗാനങ്ങളും എന്ന് തീർത്ത് പറയാം.
