കുഞ്ഞിന് ‘ഓം പരമാത്മാ’ എന്ന് പേരിട്ടതില്‍ വിശദീകരണവുമായി ഗായകനും വ്ഗോഗറുമായ വിജയ് മാധവും സിനിമ സീരിയൽ നടിയുമായ ഭാര്യ ദേവിക നമ്പ്യാരും. പേരിട്ടതിൽ നിരവധി പേര് മോശം കമന്റുകളുമായി വരുന്നു. ഈ പേരുമൂലം ഭാവിയില്‍ കുഞ്ഞിന് കളിയാക്കലുകള്‍ ഏറ്റുവാങ്ങേണ്ടി വരുമെന്ന് പറഞ്ഞ് ചിലര്‍ ഇപ്പോഴേ കുഞ്ഞിനെ പരിഹസിക്കുന്നുവെന്നും വിജയ് മാധവ് തന്റെ യൂട്യൂബ് വിഡിയോയിലൂടെ പറഞ്ഞു. താന്‍ വളര്‍ന്നുവന്ന വിശ്വാസങ്ങളുടേയും ബോധ്യങ്ങളുടേയും അടിസ്ഥാനത്തിലാണ് കുഞ്ഞിന് പേരിട്ടത്. ഭാവിയില്‍ മകള്‍ക്ക് ഈ പേര് വേണ്ടെന്ന് തോന്നിയാല്‍ പേര് മാറ്റുന്നതിന് തനിക്ക് യാതൊരു കുഴപ്പവുമില്ല. ദേവികയുടെ പൂര്‍ണ സമ്മതത്തോടെയാണ് മകള്‍ക്ക് പേരിട്ടതെന്നും വിജയ് മാധവ് പറഞ്ഞു. ചില മോശം കമന്റുകള്‍ ദേവികയ്ക്ക് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കിയ പശ്ചാത്തലത്തിലാണ് വിശദീകരണ വിഡിയോ ഇട്ടതെന്നും വിജയ് പറഞ്ഞു. ആഴ്ചകള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെക്കുറിച്ച് മോശം പറയുമ്പോള്‍ തനിക്ക് അത് സഹിക്കാനാകില്ലെന്ന് പറഞ്ഞ് ദേവിക വിഡിയോയില്‍ പൊട്ടിക്കരഞ്ഞു.
യൂട്യൂബില്‍ അഞ്ച് ലക്ഷത്തിലേറെ സബ്സ്ക്രൈബേഴ്സുള്ള വിജയ്- ദേവിക ദമ്പതികൾ തങ്ങളുടെ വിശേഷങ്ങള്‍ യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്. കുട്ടിയ്ക്ക് ആത്മജ് എന്ന് പേരിട്ടത് തന്നെ സബ്സ്ക്രൈബേഴ്സില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.
വിമര്‍ശന കമന്റുകൾ മാത്രമല്ല. പേരിട്ടതിൽ റിയാക്ഷന് വിഡിയോകളും റോസ്റ്റും ട്രോള്‍ വിഡിയോകളുമായി കുഞ്ഞിന്റെ പേര് മലയാളം യൂട്യൂബ് സര്‍ക്കിളിലെ ഹോട്ട് ടോപ്പിക്കായി.
കമന്റുകളില്‍ ആളുകള്‍ പറയുന്നതുപോലെ താന്‍ ദേവികയില്‍ സ്വന്തം ഇഷ്ടങ്ങള്‍ അടിച്ചേല്‍പ്പിക്കാറില്ലെന്നും അന്ധവിശ്വാസിയല്ലെന്നും വിജയ് വിശദീകരിക്കുന്നു. ഈശ്വരവിശ്വാസിയാണ്. ആ വിശ്വാസങ്ങള്‍ക്ക് അനുസരിച്ചാണ് തന്റെ ജീവിതരീതി. ചില സമയത്ത് 72 മണിക്കൂര്‍ വരെ ഒറ്റയടിയ്ക്ക് ഉപവാസം അനുഷ്ഠിക്കാറുണ്ട്. തന്റെ വിശ്വാസങ്ങള്‍ക്ക് അനുസരിച്ചുള്ള പേരാണ് മകള്‍ക്കിട്ടത്. ആ പേരിന്റെ കരുത്ത് പലര്‍ക്കും അറിയില്ല. ആ പേരിനെ കളിയാക്കുന്നത് തന്നെ അപകടകരമാണ്. കുഞ്ഞിനെക്കുറിച്ച് മറ്റാരേക്കാളും കരുതലും ചിന്തയുമുള്ളയാളാണ് താന്‍. കുഞ്ഞ് ഭാവിയില്‍ കളിയാക്കപ്പെടുമെന്ന് കരുതുന്നില്ല. ഭാര്യയേയും കുഞ്ഞിനേയും കുറിച്ച് മോശം കമന്റുകളിടുന്നവര്‍ പരമാവധി അത് ഒഴിവാക്കാന്‍ ശ്രമിക്കണമെന്നും വിജയ് മാധവ് പറഞ്ഞു.
